Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിനു സഹായം തേടി ബോളിവുഡ് താരങ്ങൾ

rebuild-kerala

തിരുവനന്തപുരം ∙ കേരളത്തിനു സഹായം അഭ്യർഥിക്കാൻ ബോളിവുഡ് താരങ്ങളുടെ നീണ്ടനിര. അമിതാഭ് ബച്ചൻ അടക്കമുള്ളവരാണു സഹായം തേടുന്ന സംസ്ഥാന സർക്കാരിന്റെ ഹ്രസ്വചിത്രത്തിൽ സൗജന്യമായി പങ്കാളികളാകുക.

മോഹൻലാൽ സഹായം തേടുന്ന വിഡിയോ സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. മന്ത്രിമാർ വിദേശ രാജ്യങ്ങളിലേക്കു ധനസമാഹരണത്തിനു പുറപ്പെടും മുൻപ് ഇതിനായി പ്രത്യേക വിഡിയോയും തയാറാക്കും. 

സംസ്ഥാനത്തെയും ഇതര സംസ്ഥാനങ്ങളിലെയും ദൃശ്യ, അച്ചടി മാധ്യമങ്ങളും സൗജന്യമായാണു സർക്കാരിന്റെ പരസ്യം പ്രസിദ്ധീകരിക്കുന്നത്. ദേശീയ ചാനലുകളും പ്രചാരണം ഏറ്റെടുത്തു കേരളത്തിനു കൈത്താങ്ങാകുന്നു. സർക്കാർ ആവശ്യപ്പെടാതെ തന്നെ ഒട്ടേറെ വിദേശ ചാനലുകളും സഹായം തേടിയുള്ള വിഡിയോ തുടർച്ചയായി സംപ്രേഷണം ചെയ്യുന്നുണ്ട്. ഇതോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇനിയും കാര്യമായി സഹായമെത്തുമെന്നാണു പ്രതീക്ഷ.

സഹായം തേടിയുള്ള കഴിഞ്ഞയാഴ്ചത്തെ പത്രപ്പരസ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കൂടി ഉൾപ്പെടുത്തിയാണു മറ്റു സംസ്ഥാനങ്ങളിൽ പ്രസിദ്ധീകരിച്ചത്. കേരളത്തിൽ മുഖ്യമന്ത്രിയുടെ ചിത്രം മാത്രമായിരുന്നു പരസ്യത്തിൽ.