ശബരിമല തീർഥാടനം: സർക്കാർ വിശദീകരണം അറിയിക്കണമെന്ന് ഹൈക്കോടതി

കൊച്ചി∙ ശബരിമലയിലേക്ക് എത്താൻ പമ്പാനദിക്കു കുറുകെ ബെയ്‌ലി പാലങ്ങൾ നിർമിക്കുന്ന കാര്യത്തിൽ ഹൈക്കോടതി കേന്ദ്രസർക്കാരിന്റെ വിശദീകരണം തേടി. ഭൂപ്രകൃതിതന്നെ മാറിപ്പോയ ശബരിമലയിൽ അടുത്ത മാസപൂജ മുതൽ തീർഥാടനം സാധ്യമാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി വേണമെന്ന ശബരിമല സ്പെഷൽ കമ്മിഷണറുടെ റിപ്പോർട്ടിന്മേൽ സർക്കാരും മറ്റ് അധികൃതരും വിശദീകരണം അറിയിക്കണം.

റവന്യു, വനം, ആരോഗ്യം, പൊലീസ്, കെഎസ്ഇബി, ജല അതോറിറ്റി ഉൾപ്പെടെ ബന്ധപ്പെട്ട അധികൃതരെ കോടതിനടപടികളിൽ കക്ഷിചേർത്തു. പ്രളയം പമ്പയെ മുക്കിയെന്നും പുഴയുടെ ഗതി മാറിപ്പോയെന്നും ചൂണ്ടിക്കാട്ടി സ്പെഷൽ കമ്മിഷണർ എം. മനോജ് സമർപ്പിച്ച റിപ്പോർട്ടാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

പമ്പയിലും ത്രിവേണിയിലും പമ്പാനദിക്കു കുറുകെയുള്ള പാലങ്ങളിൽ ചെളിയും അവശിഷ്ടങ്ങളും അടിയുകയും പടിഞ്ഞാറുതീരത്തു മണൽതിട്ട രൂപപ്പെടുകയും ഹിൽടോപ്പിൽ പുഴയോരത്തു മണ്ണിടിയുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. പമ്പയിൽനിന്നു ശബരിമലയിലേക്കുള്ള യാത്ര സുരക്ഷിതമല്ല. പമ്പയ്ക്ക് അപ്പുറത്തേക്ക് അവശ്യസാധനങ്ങൾ എത്തിക്കാനോ ആളെ കൊണ്ടുപോകാനോ മാർഗമില്ല. സന്നിധാനത്തു വൈദ്യുതിയില്ല. കഷ്ടിച്ച് ഒരാഴ്ചകൂടി ജനറേറ്റർ പ്രവർത്തിപ്പിക്കാനുള്ള ഡീസലേ അവശേഷിക്കുന്നുള്ളൂ.

സെപ്റ്റംബർ 16ലെ മാസപൂജ മുതൽ തീർഥാടനം സാധ്യമാക്കാൻ ഉന്നതാധികാര സമിതിയും വിവിധ വകുപ്പുകളും ചേർന്നു യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കണം. നവംബർ 16നു തുടങ്ങുന്ന മണ്ഡല– മകരവിളക്കുത്സവത്തിന്റെ ആവശ്യങ്ങളും മുന്നിൽകണ്ടു പ്രവർത്തിക്കണമെന്നാണു റിപ്പോർട്ട്

ശബരിമല സ്പെഷൽ കമ്മിഷണർ റിപ്പോർട്ടിലെ ശുപാർശകൾ

∙ ത്രിവേണി പാലത്തിന്റെയും പമ്പ നടപ്പാലത്തിന്റെയും സ്ഥിതി വിലയിരുത്താൻ ത്രിവേണിയിലും പമ്പയിലും അടിഞ്ഞുകൂടിയ മണ്ണും ചെളിയും മരങ്ങളുടെ അവശിഷ്ടങ്ങളും നീക്കണം.

∙ ചെളി നീക്കി പുഴയുടെ ഗതി പൂർവസ്ഥിതിയിലാക്കണം.

∙ നിലവിലെ പാലങ്ങൾ ഉപയോഗിക്കാനാകുന്നില്ലെങ്കിൽ മൂന്നു ബെയ്‌ലി പാലങ്ങൾ (വാഹനഗതാഗതത്തിന് ഒന്നും കാൽനടയാത്രയ്ക്കു രണ്ടും) നിർമിക്കാൻ പ്രതിരോധമന്ത്രാലയവുമായി ചേർന്നു സർക്കാർ പ്രവർത്തിക്കണം.

∙ കക്കി ഡാമിൽനിന്നുള്ള നീരൊഴുക്കു കുറയ്ക്കാനാകുമോ എന്നു കെഎസ്ഇബിയും ഡാം സുരക്ഷാ അതോറിറ്റിയും നോക്കണം.

∙ ശബരിമല പൊതുമരാമത്തു റോഡുകളുടെയും ചാലക്കയം – പമ്പ ദേവസ്വം വക റോഡുകളുടെയും അറ്റകുറ്റപ്പണി യുദ്ധകാലാടിസ്ഥാനത്തിൽ നടത്തണം.

∙ സർവീസ് റോഡും നടപ്പന്തലും നന്നാക്കണം. മരാമത്ത് കോംപ്ലക്സ്, പൊലീസ് സ്റ്റേഷൻ എന്നിവയെ പ്രളയം സാരമായി ബാധിച്ചു.

∙ പമ്പ നദിയുടെ കര ഇടിയാതിരിക്കാനും നദിയിലെ അവശിഷ്ടങ്ങൾ നീക്കാനും ജലസേചനവകുപ്പ് നടപടിയെടുക്കണം.

∙ വൈദ്യുതി, ജല വിതരണം പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി വേണം.

∙ പമ്പയിലെ ആശുപത്രിയുടെ ഒന്നാംനില ചെളിയും മണ്ണും നിറഞ്ഞതു ശുചിയാക്കണം.

∙ ശുചിമുറികൾക്കും സുവിജ് ലൈനിനും തകരാറുണ്ടെങ്കിൽ പരിഹരിക്കണം.

∙ നിലയ്ക്കൽ ബേസ് ക്യാംപ് ആക്കി, അവിടെനിന്നു തിരക്കു നിയന്ത്രിക്കണം. അവിടെനിന്നു കെഎസ്ആർടിസി സർവീസ് ഏർപ്പെടുത്തണം.

∙ പമ്പയിലും നടപ്പന്തലിലും രാമമൂർത്തി മണ്ഡപത്തിലും തിരക്കു നിയന്ത്രിക്കാനുള്ള ബാരിക്കേഡും സംവിധാനങ്ങളും തകർന്നതു ശരിയാക്കണം.