Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശ സഹായത്തിന്റെ കാര്യം വിദേശകാര്യ മന്ത്രിയുമായി സംസാരിക്കാമെന്നു രാജ്നാഥ് സിങ്

Rajnath Singh

ന്യൂഡൽഹി∙ കേരളത്തിനുള്ള പ്രളയദുരിതാശ്വാസം നിശ്ചയിക്കുന്നതിനു മുൻപു മുഖ്യമന്ത്രി പിണറായി വിജയനും ബന്ധപ്പെട്ട കേന്ദ്ര–സംസ്ഥാന ഉദ്യോഗസ്ഥരുമായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സംയുക്ത ചർച്ച നടത്തും. കേരളത്തിൽ നിന്നുള്ള എംപിമാരുടെ പ്രതിനിധിസംഘവുമായി ആഭ്യന്തരമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണു തീരുമാനം. വിദേശസഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട നയത്തെക്കുറിച്ചു വിദേശകാര്യ മന്ത്രിയുമായി സംസാരിക്കുമെന്നും ആഭ്യന്തരമന്ത്രി ഉറപ്പുനൽകി. 

രണ്ടാഴ്ചയ്ക്കകം ഡൽഹിയിൽ ചർച്ച നടത്തുമെന്നാണു സൂചനയെന്നു ചർച്ചയ്ക്കു ശേഷം എംപിമാർ പറഞ്ഞു. സംസ്ഥാനത്തുണ്ടായ നഷ്ടത്തിന്റെ വിശദ കണക്കുകളുടെ അടിസ്ഥാനത്തിലാവും ചർച്ച. കേരളം സന്ദർശിച്ച മന്ത്രാലയാന്തര സംഘങ്ങളും പങ്കെടുക്കും. 

എല്ലാ വിദേശസഹായവും പാടേ തള്ളിക്കളയരുതെന്നായിരുന്നു എംപിമാരുടെ അഭ്യർഥന. വിദേശകാര്യ മന്ത്രാലയത്തിന്റേതാണെങ്കിലും ഇതുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങൾ നീക്കാൻ സഹായിക്കാമെന്ന സൂചനയാണു മന്ത്രി നൽകിയത്. 

കേരളത്തെ വീണ്ടെടുക്കുന്നതിനു രാഷ്ട്രീയഭേദമെന്യേ എല്ലാവരും ഒറ്റക്കെട്ടാണെന്നു ചർച്ചയ്ക്കുശേഷം മുൻ പ്രതിരോധമന്ത്രി എ.കെ.ആന്റണി പറഞ്ഞു. സംസ്ഥാനത്തിനു കൂടുതൽ പണവും വിഭവങ്ങളും വേണം. വിദേശസഹായ തടസ്സം ഇല്ലാതാകണം – അദ്ദേഹം ആവശ്യപ്പെട്ടു.  

കെ.വി.തോമസ്, കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, എം.കെ.രാഘവൻ (കോൺഗ്രസ്), പി.കരുണാകരൻ, പി.കെ.ബിജു (സിപിഎം), എൻ.കെ.പ്രേമചന്ദ്രൻ (ആർഎസ്പി), ജോസ് കെ.മാണി (കേരള കോൺഗ്രസ്), ജോയ്സ് ജോർജ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. കൃഷിമന്ത്രി രാധാമോഹൻ സിങ്, ഭ‌ക്ഷ്യ– പൊതുവിതരണ മന്ത്രി റാം വിലാസ് പാസ്വാൻ എന്നിവരെയും അവർ സ‌ന്ദർശിച്ചു.

related stories