Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രിമാരുടെ വിദേശയാത്ര നീട്ടിവയ്ക്കണം: ഉമ്മൻ ചാണ്ടി

Oommen_Chandy

തിരുവനന്തപുരം∙ പ്രളയക്കെടുതി ബാധിച്ച സ്ഥലങ്ങളിൽ മന്ത്രിമാരുടെ സാന്നിധ്യം വേണ്ടതിനാൽ ധനശേഖരത്തിനായുള്ള വിദേശയാത്ര നീട്ടിവയ്ക്കണമെന്നു കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ ആവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാംപുകളിൽനിന്ന് ആളുകൾ മടങ്ങിയതോടെ ദുരിതാശ്വാസ പ്രവർത്തനം നിലച്ച മട്ടാണ്. യുദ്ധകാലാടിസ്ഥാനത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ ജനപ്രതിനിധികളെയും ഉൾപ്പെടുത്തി ശുചീകരണമുൾപ്പെടെയുള്ള കാര്യങ്ങളിൽ തീവ്രയജ്ഞമുണ്ടാകണം.

ദുരിതബാധിതർക്കു നൽകാൻ സർക്കാർ ഉത്തരവായ 10,000 രൂപ അർഹരായ മുഴുവൻ കുടുംബങ്ങൾക്കും നൽകണം. വെള്ളക്കെട്ട്, മണ്ണിടിച്ചിൽ എന്നീ കാരണങ്ങളാൽ വാസയോഗ്യമല്ലാതായ കുടുംബങ്ങൾക്കു മാത്രമേ സർക്കാർ ഉത്തരവ് പ്രകാരം 10,000 രൂപ ലഭിക്കുകയുള്ളൂ. ഇതു നടപ്പാക്കിയാൽ ദുരിതം അനുഭവിച്ച വലിയൊരു വിഭാഗത്തിനു സഹായം ലഭിക്കില്ല. പ്രളയംമൂലം ജോലിക്കു പോകാൻ കഴിയാതിരുന്ന മത്സ്യത്തൊഴിലാളികൾക്കും ഇതേ തുക നൽകണം. 

ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പടെയുള്ളവ നഷ്ടപ്പെട്ടവർക്ക് ആനുപാതികമായ നഷ്ടപരിഹാരം നൽകണം. സാധാരണ മഴക്കാലത്തുപോലും നൽകുന്ന സൗജന്യ റേഷൻ ഇതുവരെ നൽകിയിട്ടില്ല. ദുരിതബാധിത മേഖലകളിലെ കർ‌ഷകരുടെ അഞ്ചുലക്ഷം വരെയുള്ള വായ്പ എഴുതിത്തള്ളണം. ഓണക്കച്ചവടത്തിൽ തിരിച്ചടി നേരിട്ട വ്യാപാരികളുടെ നഷ്ടത്തിന്റെ ഒരു ഭാഗം സർക്കാർ വഹിക്കണം. ബാക്കി തുകയ്ക്ക് വായ്പ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

related stories