Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്എൻ ട്രസ്റ്റിന് 113.76 കോടിയുടെ ബജറ്റ്

SN-Trust എസ്എൻ ട്രസ്റ്റ് വാർഷിക പൊതുയോഗം ചേർത്തലയിൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു. പി.എൻ.നടരാജൻ, ഡോ. ജി.ജയദേവൻ, അബ്ദുൽ റഹിം, എ.എൻ.രാജൻബാബു, അരയക്കണ്ടി സന്തോഷ് എന്നിവർ സമീപം.

ചേർത്തല ∙ അടുത്ത സാമ്പത്തിക വർഷത്തേക്ക് എസ്എൻ ട്രസ്റ്റിന് 113.76 കോടി രൂപയുടെ ബജറ്റ്. 113,76,60,000 രൂപ വരവും ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിന് ഇന്നലെ ചേർത്തല എസ്എൻ കോളജിൽ ചേർന്ന വാർഷിക പൊതുയോഗം അംഗീകാരം നൽകി. ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണു ബജറ്റ് അവതരിപ്പിച്ചത്.

ആശുപത്രികൾക്കു കഴിഞ്ഞ ബജറ്റിനേക്കാൾ രണ്ടു കോടി രൂപ കുറവാണു വകയിരുത്തിയത്. പുതിയ സ്വാശ്രയ കോളജുകൾക്കു മൂന്നു കോടിയും എയ്ഡഡ് കോളജുകൾക്ക് 50 ലക്ഷവും മുൻ ബജറ്റിനേക്കാൾ കുറച്ചിട്ടുണ്ട്. കെട്ടിടങ്ങൾക്ക് 7.78 കോടിയും ഫർണിച്ചറിന് 1.85 കോടിയും കുറച്ചു. പുതിയ വാഹനങ്ങൾ വാങ്ങാൻ 30 ലക്ഷവും സ്കൂൾ ബസ് ചെലവുകൾക്കു 12.45 ലക്ഷവും എയ്ഡഡ് സ്ഥാപനങ്ങളുടെ നവീകരണത്തിനു 13.14 കോടി രൂപയും അധികമായി വകയിരുത്തി. കോളജുകൾക്കു ലഭിക്കുന്ന കേന്ദ്ര ഗ്രാന്റ് ആയ 24 കോടിയും ചെലവിനത്തിൽ വകകൊള്ളിച്ചിട്ടുണ്ട്.

നിർവാഹക സമിതിയംഗം പി.എൻ.നടരാജൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി തുഷാർ വെള്ളാപ്പള്ളി, ലീഗൽ അഡ്വൈസർ എ.എൻ.രാജൻ ബാബു എന്നിവർ പ്രസംഗിച്ചു.

ബജറ്റിൽ തുക വകയിരുത്തിയ പ്രധാന വിഭാഗങ്ങൾ

ആശുപത്രി–30 കോടി,  എയ്ഡഡ് സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണി–13.84 കോടി രൂപ, കെട്ടിടം–10.75 കോടി, പുതിയ എയ്ഡഡ്, സ്വാശ്രയ കോളജുകൾ–5.30 കോടി,ലാബ് ഉപകരണങ്ങളും കംപ്യൂട്ടറും–1.79 കോടി, ഫർണിച്ചർ–1.77 കോടി, അറ്റകുറ്റപ്പണികൾ–1.19 കോടി, സ്കൂൾ ബസ്–1.25 കോടി, പുതിയ വാഹനങ്ങൾ വാങ്ങാൻ–50 ലക്ഷം, ആശുപത്രി നവീകരണം–30 ലക്ഷം.

related stories