തിരുപ്പതി മാതൃകയിൽ ശബരിമല ദർശനം നിയന്ത്രിക്കാൻ ശുപാർശ

ശബരിമല ∙ മണ്ഡല മകര വിളക്ക് തീർഥാടനത്തിനു ശബരിമലയിൽ ദർശനം ആന്ധ്രയിലെ തിരുപ്പതി തീർഥാടനത്തിന്റെ മാതൃകയിലാക്കാൻ ആലോചന. ഡിജിപി ലോക്‌നാഥ് ബഹ്റ ഇതു സംബന്ധിച്ച നിർദേശം മുഖ്യമന്ത്രിക്കു സമർപ്പിച്ചു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്തു ചേർന്ന ഉന്നതതല യോഗത്തിലും ഇതേ ആവശ്യം ഉന്നയിച്ചു. 

പ്രളയത്തിൽ പമ്പയിലെ പാലങ്ങൾ തകരുകയും ശുചിമുറികളെല്ലാം ഒലിച്ചുപോകുകയും ചെയ്തതിനാൽ തീർഥാടകരുടെ വരവിനു കർശന നിയന്ത്രണം വേണമെന്നാണു പൊലീസിന്റെ വിലയിരുത്തൽ. 

തീർഥാടകരുടെ മുഴുവൻ വാഹനങ്ങളും നിലയ്ക്കലിൽ യാത്ര അവസാനിപ്പിക്കണം. അവിടെനിന്നു  കെഎസ്ആർടിസി ബസുകളിൽ പമ്പയിൽ എത്തിക്കണം. നിലവിൽ വലിയ വാഹനങ്ങൾ തീർഥാടകരെ പമ്പയിൽ എത്തിച്ചശേഷം തിരികെ നിലയ്ക്കലിൽ എത്തി പാർക്ക് ചെയ്യുന്നതാണു പതിവ്. ചെറിയ വാഹനങ്ങൾക്കു പമ്പയിൽത്തന്നെ പാർക്കിങ് അനുവദിച്ചിരുന്നു. 

ഓരോ ദിവസവും ദർശനത്തിന് എത്ര അയ്യപ്പന്മാർ ഉണ്ടാകുമെന്നു മുൻകൂട്ടി കണക്കാക്കി അതനുസരിച്ചുള്ള ക്രമീകരണം ഉണ്ടാകണമെന്നാണു പൊലീസ് പ്രതീക്ഷിക്കുന്നത്. തിക്കും തിരക്കും മൂലം അപകടങ്ങൾ ഉണ്ടായപ്പോഴെല്ലാം ഇക്കാര്യം പൊലീസ് ഉന്നയിച്ചിരുന്നുവെങ്കിലും എതിർപ്പു മൂലം നടന്നില്ല.

തിരുപ്പതി മാതൃക 

മുൻകൂട്ടി  റജിസ്റ്റർ ചെയ്തു ദർശനസമയം നൽകപ്പെട്ടവരെ മാത്രം ദർശനത്തിന് അനുവദിക്കുന്ന രീതിയാണു തിരുപ്പതിയിലേത്. ശബരിമലയിൽ നിലവിൽ വെർച്വൽ ക്യൂ സംവിധാനമുണ്ട്. പുതിയ നിർദേശം നടപ്പിലായാൽ വെർച്വൽ ക്യൂ ബുക്കിങ്ങിലൂടെ മാത്രമേ ഭക്തർക്കു സന്നിധാനത്ത് എത്താനാകു.