Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയ്ക്കു തിരിച്ചു

PTI8_2_2018_000011B

തിരുവനന്തപുരം ∙ അമേരിക്കയിലെ മിനിയപ്പലിസിലുള്ള മേയോ ക്ളിനിക്കിൽ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര തിരിച്ചു. ഭാര്യ കമല മാത്രമാണു കൂടെയുള്ളത്. മുഖ്യമന്ത്രിയുടെ അഭാവത്തിൽ അദ്ദേഹത്തിന്റെ ചുമതല ഔദ്യോഗികമായി ആർക്കും കൈമാറിയിട്ടില്ല. മുതിർന്ന നേതാവെന്ന നിലയിൽ മന്ത്രി ഇ.പി.ജയരാജൻ മന്ത്രിസഭാ യോഗങ്ങളിൽ അധ്യക്ഷത വഹിക്കും.

ഞായറാഴ്ച പുലർച്ചെ നാലരയ്ക്കു ദുബായ് വഴിയുള്ള എമിറേറ്റ്സ് വിമാനത്തിലാണു മുഖ്യമന്ത്രി യാത്ര തിരിച്ചത്. പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജനും പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശനും അദ്ദേഹത്തെ യാത്രയാക്കാനുണ്ടായിരുന്നു.

കഴിഞ്ഞമാസം 19ന് അമേരിക്കയ്ക്കു പോകാനിരുന്ന മുഖ്യമന്ത്രി പ്രളയക്കെടുതി കണക്കിലെടുത്തു യാത്ര മാറ്റിവയ്ക്കുകയായിരുന്നു. ഇന്നലെ മുതൽ മൂന്നാഴ്ചത്തേക്കുള്ള യാത്രയ്ക്കാണ് അനുമതിയെന്നു പൊതുഭരണവകുപ്പിന്റെ (പൊളിറ്റിക്കൽ) ഉത്തരവിൽ വ്യക്തമാക്കുന്നു. മുഴുവൻ ചെലവും സർക്കാർ വഹിക്കും. മെഡിക്കൽ ചെക്കപ്പിനും തുടർന്നുളള ചികിത്സയ്ക്കുമായാണു യാത്രയെന്നും ഉത്തരവിലുണ്ട്. പ്രോസ്റ്റേറ്റ് സംബന്ധമായ ചികിത്സയ്ക്കായാണു മുഖ്യമന്ത്രി മേയോ ക്ളിനിക്കിന്റെ സേവനം തേടുന്നത്.

മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ഔദ്യോഗികമായി ഒരു വിവരവും സർക്കാർ നേരത്തേ നൽകിയിരുന്നില്ല. ഇന്നാണ് അദ്ദേഹം യാത്ര പുറപ്പെടുകയെന്നാണു നേരത്തേ പ്രചരിച്ചത് എന്നതിനാൽ മാധ്യമങ്ങളും ഉണ്ടായില്ല. പൊതുഭരണ വകുപ്പിന്റെ ഉത്തരവു പുറത്തിറക്കിയത് ഈ മാസം ഒന്നിനു മാത്രവും.

സ്ഥലത്തില്ലെങ്കിലും മുഖ്യമന്ത്രിയോടു കൂടിയാലോചിച്ചു കാര്യങ്ങൾ നീക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. ചട്ടപ്രകാരം ചുമതല കൈമാറേണ്ടതില്ലെന്നും മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിക്കാൻ ഒരാളെ നിയോഗിച്ചാൽ മതിയെന്നുമാണു വെള്ളിയാഴ്ച ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ വ്യക്തമാക്കിയത്. മന്ത്രിമാരായ കേന്ദ്രകമ്മിറ്റിയംഗങ്ങളിൽ മുതിർന്നയാളെന്ന നിലയിലാണു ജയരാജന് ആ ഉത്തരവാദിത്തം. മുഖ്യമന്ത്രിയുടെ ഓഫിസിലിരുന്നു ദുരിതാശ്വാസ സംഭാവനകൾ സ്വീകരിക്കുന്നതും ജയരാജനായിരിക്കും.

related stories