ശബരിമല: അടിസ്ഥാന ക്യാംപ് നിലയ്ക്കലിൽ; പമ്പയിലേക്ക് ബസ്

പ്രളയത്തിനു ശേഷം പമ്പ.

തിരുവനന്തപുരം ∙ ശബരിമല തീർഥാടകർക്കുള്ള അടിസ്ഥാന ക്യാംപ് നിലയ്ക്കലിൽ സജ്ജമാക്കാൻ സർക്കാർ തീരുമാനിച്ചു. സ്വകാര്യവാഹനങ്ങൾ പമ്പയിലേക്കു കടത്തിവിടില്ല. നിലയ്ക്കലിൽനിന്നു പമ്പയിലേക്കും തിരിച്ചും കെഎസ്ആർടിസി ബസിൽ തീർഥാടകരെ കൊണ്ടുപോകും. ഇതിനായി 250 ബസുകൾ സർവീസ് നടത്തും പൊലീസിനും കെഎസ്ആർടിസി ജീവനക്കാർക്കും നിലയ്ക്കലിൽ താമസസൗകര്യം ഒരുക്കും.

ഇവിടെ രണ്ടു മാസത്തിനകം 1000 ബയോ ടോയ്‌ലറ്റുകൾ സ്ഥാപിക്കാനും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താനും ശബരിമല ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗം തീരുമാനിച്ചു. നിയന്ത്രണങ്ങളും നിർദേശങ്ങളും അറിയിക്കുന്നതിനായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ദേവസ്വം മന്ത്രിമാരുടെയും യോഗം വിളിക്കാനും തീരുമാനിച്ചു.

മണ്ഡല–മകരവിളക്ക് സീസൺ ആരംഭിക്കുന്ന നവംബർ 17നു മുൻപു പമ്പയിലും ശബരിമലയിലും ഭക്തർക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. ശബരിമലയിലേക്കുള്ള തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് 200 കോടി രൂപ ചെലവഴിക്കും. നിലയ്ക്കൽ, പമ്പ ഭാഗത്തെ റോഡുകളുടെ തകർച്ച പരിഹരിക്കാനും സംരക്ഷണ ഭിത്തി കെട്ടാനും ടാറ്റ പ്രോജക്ട്സുമായി ചർച്ച നടത്തുന്നുണ്ട്.