പമ്പയിൽ കോൺക്രീറ്റ് നിർമിതി ഒഴിവാക്കും

തിരുവനന്തപുരം ∙ ശബരിമല തീർഥാടന ഒരുക്കങ്ങൾ അടിയന്തരമായി പൂർത്തിയാക്കാനും പമ്പയിൽ സ്ഥിരം സംവിധാനങ്ങൾ ഒഴിവാക്കാനും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന യോഗം തീരുമാനിച്ചു. പമ്പയിൽ താൽക്കാലിക നടപ്പന്തലും ബാരിക്കേഡും ഒരുക്കും.

മറ്റു തീരുമാനങ്ങൾ:

∙പമ്പ പാലത്തിന്റെ ബലം പരിശോധിക്കും. ടാറ്റ പ്രോജക്ട്സിന്റെ ഉദ്യോഗസ്ഥർ പമ്പയിലും ശബരിമലയിലും പരിശോധനകൾ ആരംഭിച്ചു. ഹിൽ ടോപ്പിൽനിന്നു പമ്പ ഗണപതി ക്ഷേത്രത്തിലേക്കു പുതിയ പാലം പരിഗണനയിൽ.
∙കുന്നാർ ഡാമിലെ ചെളിയും മാലിന്യവും ദേവസ്വം ബോർഡ് നീക്കം ചെയ്യും. മണ്ണു നീക്കുന്നതിലെ നിയമതടസ്സം ഒഴിവാക്കാൻ ഹൈക്കോടതിയെ സമീപിക്കും.
∙തീർഥാടനമേഖലയിലെ വൈദ്യുതിപ്രശ്നം 12ന് അകം പരിഹരിക്കും.
∙സീസണിൽ 300 വാട്ടർ കിയോസ്‌കുകൾ സ്ഥാപിക്കും.
∙പുൽമേട് വഴി കൂടുതൽ തീർഥാടകർ എത്താനുള്ള സാധ്യത കണക്കിലെടുത്ത് സത്രം, പുൽമേട് ഭാഗങ്ങളിൽ പൊലീസ്, ആരോഗ്യ സംവിധാനങ്ങൾ ശക്തമാക്കും.
∙പ്രളയത്തിൽ തകർന്ന പമ്പയിലെ ഹോട്ടൽ സമുച്ചയം, അന്നദാനമണ്ഡപം എന്നിവ പൊളിച്ചുനീക്കും. കണ്ടക്ടർമാർ വേണ്ടെന്നു ഗതാഗത സെക്രട്ടറി തിരുവനന്തപുരം
∙ ശബരിമല സീസണിൽ നിലയ്ക്കൽ–പമ്പ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളിൽ കണ്ടക്ടർമാരെ നിയോഗിക്കേണ്ടതില്ലെന്നു ഗതാഗത സെക്രട്ടറി കെ.ആർ.ജ്യോതിലാൽ. നിലയ്ക്കലിലെ കെഎസ്ആർടിസി കൗണ്ടറിൽനിന്നു വിതരണം ചെയ്യുന്ന പാസ് വാങ്ങി തീർഥാടകർക്കു ബസിൽ കയറാം. ബസിൽ പ്രവേശിക്കുന്നതിനു മുൻപു പാസ് പരിശോധിക്കാൻ ഏതാനും കണ്ടക്ടർമാരെ നിയോഗിച്ചാൽ മതിയാകുമെന്നും ജ്യോതിലാൽ പറഞ്ഞു.

ത്രിവേണി പാലം പരിശോധന വീണ്ടും
ശബരിമല ∙ ത്രിവേണിയിൽ മണ്ണിനടിയിൽനിന്നു വീണ്ടെടുത്ത രണ്ടു പാലങ്ങളുടെയും ഉറപ്പ് വിശദമായി പരിശോധിക്കാൻ ശുപാർശ. രണ്ടു പാലത്തിലൂടെയും തീർഥാടകർക്കു നടന്നുപോകാം. എന്നാൽ ശർക്കരയുമായി വരുന്ന ലോറികൾ ഉൾപ്പെടെ ഭാരം കയറ്റിയ വണ്ടികൾക്കു കടന്നുപോകാൻ കഴിയുന്നതാണോ എന്ന വിശദ പരിശോധന വേണം. ടാറ്റ കൺസ്ട്രക്‌ഷൻസ് സീനിയർ വൈസ് പ്രസിഡന്റ് രാജ്സിങ് ഠാക്, വൈസ് പ്രസിഡന്റ് എൻ.രാമകൃഷ്ണ രാജു, ഉപദേശകൻ അരവിന്ദ് ഗുഹ എന്നിവരുടെ നേതൃത്വത്തിൽ പാലത്തിന്റെ ഉറപ്പു പരിശോധന നടന്നു.