Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഷ്ടപരിഹാരം: പരാതിയുണ്ടാകരുതെന്ന് സർക്കാരിനോട് ഹൈക്കോടതി

Kerala-High-Court-3

കൊച്ചി∙ പ്രളയദുരിത ബാധിതർക്കുള്ള നഷ്ടപരിഹാരം നിർണയിക്കുന്നതു ശാസ്ത്രീയവും യുക്തിസഹവും സുതാര്യവുമായ രീതിയിൽ വേണമെന്നു ഹൈക്കോടതി പരാമർശിച്ചു. നഷ്ടപരിഹാരം തിട്ടപ്പെടുത്താനുള്ള മാനദണ്ഡം വ്യക്തമാക്കി സർക്കാർ സത്യവാങ്മൂലം നൽകണമെന്നു കോടതി നിർദേശിച്ചു. നഷ്ടപരിഹാര വിതരണം ഫലപ്രദമാക്കാൻ പ്രത്യേക ട്രൈബ്യൂണൽ രൂപീകരിക്കുകയോ ലീഗൽ സർവീസസ് അതോറിറ്റിയെ നിയോഗിക്കുകയോ വേണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് ഉൾപ്പെടെ നൽകിയ ഹർജികളാണു ചീഫ് ജസ്റ്റിസുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിൽ.

നഷ്ടപരിഹാര വിതരണത്തിനു കൃത്യമായ സംവിധാനം വേണ്ടതാണെന്നു കോടതി പറഞ്ഞു. പ്രളയബാധയുടെ തീവ്രതയനുസരിച്ച് നഷ്ടപരിഹാരം നൽകുംവിധം മാനദണ്ഡം നിശ്ചയിക്കണം. സർക്കാർ നടപടികളിൽ വിവേചനമുണ്ടെന്ന വിവാദത്തിന് ഇട നൽകരുത്. ഭാവിയിൽ അതിന്റെ പേരിൽ വ്യവഹാരങ്ങൾക്കു വഴിവയ്ക്കരുതെന്നും കോടതി പറഞ്ഞു. നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തുന്നതു സംബന്ധിച്ച സർക്കാർ ഉത്തരവ് വാദത്തിനിടെ കോടതിയുടെ ശ്രദ്ധയിൽപെടുത്തി.

പ്രളയബാധിതരെ എങ്ങനെ തരംതിരിക്കുമെന്നു കോടതി ചോദിച്ചു. വലിയ നഷ്ടവും ചെറിയ നഷ്ടവും ഒരുപോലെ കാണരുത്. വേണ്ടിവന്നാൽ ഉപഗ്രഹ ചിത്രങ്ങൾ ഉൾപ്പെടെ പരിശോധിച്ച് ദുരന്തത്തിന്റെ തീവ്രതയും നഷ്ടത്തിന്റെ വ്യാപ്തിയും കണക്കാക്കാം. കോടതിയിലെത്തിയ ഹർജികളെ വിഷയത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിക്കാമെന്നു കോടതിയെ സഹായിക്കാൻ നിയുക്തനായ അമിക്കസ് ക്യൂറി വ്യക്തമാക്കി. ദുരിതാശ്വാസവും പുനരധിവാസവും, അണക്കെട്ടുകളുടെ കൈകാര്യം, നഷ്ടപരിഹാരം, പ്രളയ കാരണങ്ങൾ എന്നിവയാണു ഹർജികളിലെ പ്രധാന വിഷയങ്ങളെന്നും ശ്രദ്ധയിൽപെടുത്തി.

പ്രളയം മനുഷ്യനിർമിതമെന്ന ഹർജി പിന്നീട് പരിഗണിക്കും

കൊച്ചി∙ പ്രളയം മനുഷ്യനിർമിതമാണെന്നു കണ്ട് നഷ്ടപരിഹാരം അനുവദിക്കണമെന്ന ഹർജി ഹൈക്കോടതി പിന്നീടു പരിഗണിക്കാൻ മാറ്റി. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വരാപ്പുഴ സ്വദേശി വിതയത്തിൽ കുഞ്ഞിപ്പൗലോ വർഗീസ് ആണു കോടതിയിലെത്തിയത്. 1924ലെ വെള്ളപ്പൊക്കത്തിലുൾപ്പെടെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പങ്കിനെക്കുറിച്ച് റിപ്പോർട്ട് വിളിച്ചുവരുത്തി മുല്ലപ്പെരിയാർ കരാർ അസാധുവാക്കണമെന്നും ഹർജിയിൽ‍ ആവശ്യമുണ്ട്.

related stories