Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഘോഷമില്ലാതെ സ്കൂൾ കലോത്സവം നടത്താൻ നീക്കം; ചലച്ചിത്രമേള ഉപേക്ഷിച്ചതായി മന്ത്രി ബാലൻ

E.P. Jayarajan

തിരുവനന്തപുരം∙ ആഘോഷമില്ലാതെ സ്കൂൾ കലോത്സവം നടത്തി കുട്ടികൾക്കു ഗ്രേസ് മാർക്ക് ലഭ്യമാക്കുന്ന കാര്യം ഉടൻ പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നു മന്ത്രി ഇ.പി.ജയരാജൻ. സർക്കാർ തലത്തിലുള്ള ആഘോഷങ്ങൾ ഒരു വർഷത്തേക്കു വിലക്കിയ ഉത്തരവിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. പൊതുഭരണ വകുപ്പിന്റെ ഉത്തരവിലെ അവ്യക്തത ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു ചീഫ് സെക്രട്ടറിക്കു കത്ത് നൽകിയ മന്ത്രി എ.കെ.ബാലൻ, കാര്യങ്ങൾ വ്യക്തമായെന്ന് ഇന്നലെ മാധ്യമങ്ങളെ അറിയിച്ചു.

സർക്കാർ പണം നൽകുന്ന രാജ്യാന്തര ചലച്ചിത്രമേള ഉൾപ്പെടെയുള്ള ആഘോഷങ്ങളും മേളകളും ഉണ്ടാവില്ലെന്നും ഇക്കാര്യത്തിൽ ആശയക്കുഴപ്പമോ അവ്യക്തതയോ ഇല്ലെന്നും ബാലൻ പറഞ്ഞു. വകുപ്പുകൾ തമ്മിൽ ഏകോപനത്തോടെ പ്രവർത്തിക്കും. അതേസമയം, ആഘോഷം ഒഴിവാക്കി ചലച്ചിത്രോത്സവം നടത്തണമെന്നു പല കേന്ദ്രങ്ങളിൽനിന്നും ആവശ്യം ഉയരുന്നുണ്ട്. എന്നാൽ, സർക്കാർ നിലപാട് മാറുമോയെന്ന് ഉറപ്പില്ല. മേളയുടെ ഒരുക്കങ്ങൾക്കു സമയം ഉള്ളതിനാൽ മുഖ്യമന്ത്രി മടങ്ങിയെത്തിയ ശേഷം അന്തിമ തീരുമാനം എടുത്താൽ മതിയാകും. ആഘോഷമില്ലാത്തതിനാൽ കേരള ട്രാവൽ മാർട്ടിനു പ്രശ്നം ഉണ്ടാകില്ലെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, സ്കൂൾ കലോത്സവത്തെക്കുറിച്ചു വ്യക്തമായ മറുപടി നൽകാൻ മന്ത്രി സി.രവീന്ദ്രനാഥ് തയാറായില്ല. സർക്കാർ തീരുമാനിച്ചതു പോലെ നടത്തുമെന്നായിരുന്നു പ്രതികരണം. കലോൽസവം നടത്തിയില്ലെങ്കിൽ ഗ്രേസ് മാർക്ക് സംബന്ധിച്ച് എന്തു തീരുമാനമെടുക്കുമെന്ന ചോദ്യത്തിനും മറുപടിയില്ലായിരുന്നു. ദുരന്തം പരിഹരിക്കാൻ ശ്രമിക്കുമ്പോൾ, ആഘോഷം ഒഴിവാക്കുകയെന്നതു തത്വത്തിൽ എല്ലാവരും അംഗീകരിച്ചതാണെന്ന് ഇ.പി.ജയരാജൻ പറഞ്ഞു. മന്ത്രിമാരും അത് അംഗീകരിച്ചതാണ്. ഇത്തരം ഘട്ടത്തിൽ മന്ത്രിമാരുടെ വാക്കുകൾ എടുത്തു ദുർവ്യാഖ്യാനം ചെയ്തു വല്ലാത്ത പ്രചാരണത്തിനു പോകുന്നതു ഗുണം ചെയ്യില്ല. സർക്കാർ ഇറക്കിയ ഉത്തരവിൽ ഉറച്ചുനിൽക്കുമോയെന്ന ചോദ്യത്തിനു പ്രസക്തിയില്ലെന്നും നടപ്പാക്കാനാണല്ലോ ഉത്തരവെന്നും ജയരാജൻ പറഞ്ഞു.

related stories