ഭക്തി പ്രളയത്തിൽ കല്ലും മുള്ളും താണ്ടി

ശബരിമല ∙ തിമർത്തു പെയ്യുന്ന മഴ, കാലിൽ അട്ടകൾ കടിച്ചുതൂങ്ങുന്നു, വഴിയിൽ കാട്ടുമൃഗങ്ങൾ, കാട്ടാനകളുടെ ചിന്നംവിളി. മഹാപ്രളയത്തിനിടെ നിറപുത്തരി പൂജകൾക്കായി അയ്യപ്പസന്നിധിയിലേക്കുള്ള യാത്ര തന്ത്രി കണ്ഠര് മഹേഷ് മോഹനർക്കു ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി.

സന്നിധാനത്തേക്കു പോകാനായി പരികർമി മനു നമ്പൂതിരി, മേൽശാന്തിയുടെ മകൻ വിഷ്ണു നമ്പൂതിരി എന്നിവർക്കൊപ്പം ഓഗസ്റ്റ് 14നു രാവിലെയാണു തന്ത്രി പുറപ്പെട്ടത്. പ്രളയത്തിൽ മുങ്ങിയതിനാൽ പമ്പ വഴി സന്നിധാനത്തെത്താൻ കഴിയില്ലെന്നറിയുന്നതു നിലയ്ക്കൽ എത്തിയപ്പോൾ മാത്രം. ദേവസ്വം ബോർഡ് പ്രസിഡന്റും വനപാലകരുമായി ചർച്ച നടത്തി വണ്ടിപ്പെരിയാർ, പുല്ലുമേടു വഴി സന്നിധാനത്തേക്കു നടന്നുപോകാനായി തീരുമാനം.

ഉച്ചകഴിഞ്ഞു വണ്ടിപ്പെരിയാറിലേക്ക്. വള്ളക്കടവിൽ വെള്ളം കയറിയിരുന്നില്ല. വള്ളക്കടവിൽനിന്നു പുല്ലുമേടു വരെ വനംവകുപ്പിന്റെ ജീപ്പിലായിരുന്നു യാത്ര. പുല്ലുമേട് എത്തിയപ്പോൾ രാത്രി ഏഴായി. വനംവകുപ്പിന്റെ കെട്ടിടത്തിൽ തങ്ങാനായിരുന്നു നിർദേശം. രണ്ടു മുറിയിലായി ആകെയുള്ളത് അഞ്ചു കസേരകൾ. അയ്യപ്പനു പൂജിക്കാനുള്ള നെൽക്കറ്റയുമായി എല്ലാവരും ഇരുന്നു നേരം വെളുപ്പിച്ചു. രാവിലെ

ഏഴരയോടെ സന്നിധാനത്തേക്കു നടക്കാൻ തുടങ്ങി. ഒൻപതു കിലോമീറ്ററോളമുണ്ട് ദൂരം. വഴിയിൽ കാട്ടുപോത്തുകളുടെ കൂട്ടം. അൽപദൂരം പിന്നിട്ടപ്പോൾ ഒരുവശത്തു കാട്ടാനക്കൂട്ടം. മഴയുടെ ശക്തി കുറഞ്ഞിട്ടില്ല. നടവഴിയിലൂടെ മലവെള്ളപ്പാച്ചിലാണ്. പുൽമേടു പിന്നിട്ടതോടെ കൊടുംകാടു തുടങ്ങുകയായി. മുന്നിൽ കാടു വെട്ടിത്തെളിച്ചു വഴിയുണ്ടാക്കി രണ്ടുപേർ.

രക്തം കുടിക്കുന്ന കുളയട്ട കാലിൽ കടിച്ചുതൂങ്ങുന്നു. ഉപ്പിട്ട് അവയെ തുരത്താമെങ്കിലും ഉപ്പ് മഴയിൽ അലിയുന്നതിനാൽ വീണ്ടും അട്ടകളുടെ ആക്രമണം. പത്തരയോടെയാണു സന്നിധാനത്തിൽ എത്തിയത്. നെൽക്കതിരുകൾ അയ്യപ്പനു സമർപ്പിച്ചു. കലശപൂജയും ഉച്ചപൂജയും കഴിച്ചു. നാടുമുഴുവൻ പ്രളയത്തിൽ മുങ്ങിയതിനാൽ നിറപുത്തരി പൂജ കഴിഞ്ഞിട്ടും സന്നിധാനത്തിൽ തങ്ങി. ചിങ്ങമാസ പൂജ കഴിഞ്ഞു നട അടച്ചശേഷവും പുല്ലുമേടു വഴിയായിരുന്നു മടക്കം.