Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിതാശ്വാസം: കേന്ദ്ര നിലപാട് ആശങ്കാജനകമെന്നു കാനം

Kanam Rajendran

തിരുവനന്തപുരം∙ കേരളത്തിനു പ്രളയ ദുരിതാശ്വാസം നൽകുന്നതു കേന്ദ്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായിട്ടാവുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ആശങ്കാജനകമാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേന്ദ്ര മാനദണ്ഡപ്രകാരമുള്ള നഷ്ടപരിഹാരം തീർത്തും അപര്യാപ്തമാവും. പകരം കേരളത്തിനു പ്രത്യേക പാക്കേജ് അനുവദിക്കണം.

അത്ര ദരിദ്രരാഷ്ട്രമൊന്നുമല്ലാത്ത മംഗോളിയയ്ക്കു പ്രധാനമന്ത്രി നൽകിയത് 6400 കോടി രൂപയുടെ സഹായമാണ്. ഒക്ടോബർ മുതൽ ലോക്സഭാ തിരഞ്ഞെടുപ്പിനു തയാറെടുപ്പ് തുടങ്ങാൻ മണ്ഡലം കമ്മിറ്റികൾക്കു സംസ്ഥാന കൗൺസിൽ നിർദേശം നൽകി. ചീഫ് വിപ് പദവി സ്വീകരിക്കുന്ന കാര്യം സംസ്ഥാന കൗൺസിൽ ചർച്ച ചെയ്തില്ലെന്നു കാനം പറഞ്ഞു. വയനാട് ജില്ലാ കമ്മിറ്റി സെക്രട്ടറിയായിരുന്ന വിജയൻ ചെറുകരയ്ക്കെതിരെ ഉയർന്ന ആരോപണം കെട്ടിച്ചമച്ചതാണെന്ന അന്വേഷണ കമ്മിഷൻ റിപ്പോർട്ട് കൗൺസിൽ അംഗീകരിച്ചു. വിജയനെ ജില്ലാ സെക്രട്ടറി സ്ഥാനത്തു തിരിച്ചുകൊണ്ടുവരുന്ന കാര്യം എക്സിക്യൂട്ടീവ് തീരുമാനിക്കും.

പ്രളയ ദുരിതാശ്വാസത്തിനു പണം ശേഖരിക്കാൻ മന്ത്രിമാരെ വിദേശത്തേക്ക് അയയ്ക്കാൻ മന്ത്രിസഭയാണു തീരുമാനിച്ചത്. സർക്കാർ നിയോഗിച്ചാൽ സിപിഐ മന്ത്രിമാർ വിദേശത്തു പോകുന്നതിനു വിലക്കൊന്നുമില്ല. മുഖ്യമന്ത്രി ചികിൽസയ്ക്കു പോയപ്പോൾ ചുമതല ഏതെങ്കിലും മന്ത്രിക്കു നൽകാത്തതിൽ അപാകതയില്ല. വിദേശത്തക്കു പോകുംമുൻപ് മുഖ്യമന്ത്രി ഗവർണറെ സന്ദർശിച്ചു കാര്യങ്ങൾ വിശദീകരിച്ചിരുന്നുവെന്നും കാനം ചൂണ്ടിക്കാട്ടി.

related stories