Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലോത്സവം മുടങ്ങിയാൽ 4000 പേർക്ക് ഗ്രേസ്മാർക്ക് നഷ്ടപ്പെടും

youth-festival

തിരുവനന്തപുരം∙ സർക്കാരിന്റെ ആഘോഷ വിലക്കുമൂലം സംസ്ഥാന സ്കൂൾ കലോത്സവം മുടങ്ങിയാൽ നാലായിരത്തോളം വിദ്യാർഥികൾക്ക് എസ്എസ്എൽസി പരീക്ഷയിൽ ഗ്രേസ് മാർക്ക് നഷ്ടപ്പെടും.  വിലക്കിന്റെ പശ്ചാത്തലത്തിൽ കലോത്സവത്തെക്കുറിച്ചു ചർച്ച ചെയ്യുന്നതിന് ഇന്നു ചേരാനിരുന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം(ക്യുഐപി) മോനിട്ടറിങ് കമ്മിറ്റി യോഗം മാറ്റി.

വിദ്യാർഥികൾക്കു ഗ്രേസ് മാർക്ക് ലഭിക്കാൻ ആർഭാടം ഒഴിവാക്കി കലോത്സവം നടത്തുമെന്നു മന്ത്രി ഇ.പി.ജയരാജൻ അറിയിച്ചെങ്കിലും ഇളവു ലഭിക്കുന്നതു വരെ കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടികളും വിദ്യാഭ്യാസ വകുപ്പ് നിർത്തിയിരിക്കുകയാണ്.  മുഖ്യമന്ത്രി  മടങ്ങിയെത്തിയ ശേഷം കലോത്സവം നടത്താൻ അനുമതി നൽകുമെന്നാണു പ്രതീക്ഷിക്കുന്നത്. 

പക്ഷേ, അത് ഏതു രൂപത്തിലായിരിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. കലോത്സവത്തിൽ പതിനായിരത്തിലേറെ വിദ്യാർഥികളാണു പങ്കെടുക്കുന്നത്.  ഇതിൽ നാലായിരത്തോളം പേർക്ക്  ഗ്രേസ് മാർക്കു ലഭിക്കാറുണ്ട്. ജില്ലാ കലോത്സവം മാത്രം നടത്തി ഗ്രേസ് മാർക്ക് നൽകുകയെന്നതു  പ്രായോഗികമല്ല. ജില്ലയിൽ മികവു കാട്ടുന്നവർക്കെല്ലാം ഗ്രേസ് മാർക്ക് നൽകിയാൽ നാലായിരത്തിന്റെ സ്ഥാനത്ത് അര ലക്ഷം പേർക്കെങ്കിലും നൽകേണ്ടി വരും. ഇത് എസ്എസ്എൽസി ഫലത്തെ പോലും ബാധിക്കും. ഗ്രേസ് മാർക്ക് നഷ്ടപ്പെട്ടാൽ പല വിദ്യാർഥികൾക്കും എ പ്ലസ് ലഭിക്കാനുള്ള സാധ്യത കുറയും.

ഉപജില്ലാ തലം മുതൽ സംസ്ഥാന  തലം വരെ സ്കൂൾ കലോത്സവങ്ങൾ സംഘടിപ്പിക്കാനുള്ള ആകെ ചെലവ് 15 കോടി രൂപയിൽ താഴെയാണ്. ഇതിൽ ആറരക്കോടിയോളം രൂപയാണു സംസ്ഥാന സർക്കാരിന്റെ വിഹിതം. ശേഷിക്കുന്ന തുക വിദ്യാർഥികളിൽ നിന്നും സ്പോൺസർഷിപ്പിലൂടെയും പിരിച്ചെടുക്കുന്നതാണ്.

തലസ്ഥാനത്ത് കലോൽസവം

ആർഭാടം ഒഴിവാക്കുകയും കലോത്സവ വേദി ആലപ്പുഴയിൽ നിന്നു തിരുവനന്തപുരത്തേക്കു മാറ്റുകയും ചെയ്താൽ സർക്കാർ വിഹിതത്തിൽ രണ്ടു കോടി രൂപയെങ്കിലും ലാഭിക്കാൻ സാധിക്കും. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചാൽ സർക്കാർ സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി തലസ്ഥാനത്തു കലോത്സവം നടത്താനാണ് ആലോചന.