Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവജലത്തിനായി കൈനീട്ടി കുട്ടനാട്; ഇതുവരെ വിതരണം ചെയ്തത് 40,000 ലീറ്റർ ശുദ്ധജലം

KOODEYUND-NAADU-LOGO-NEW

‘ദാഹജലം – അതാണിവിടെ ഒട്ടുമില്ലാത്തത്. ഞങ്ങൾക്കിനിയും വെള്ളം വേണം’, പ്രളയത്തിൽനിന്നു ജീവിതം തിരികെപ്പിടിക്കാൻ ശ്രമിക്കുന്ന കുട്ടനാട്ടിലെ ജനങ്ങളുടെ വാക്കുകൾ കേട്ട് മലയാള മനോരമ ‘കൂടെയുണ്ട് നാട്’ പദ്ധതിയുടെ ഭാഗമായി രണ്ടുദിവസത്തിനിടെ വിതരണം ചെയ്തത് 40,000 ലീറ്റർ ശുദ്ധജലം. ഇന്നും വിതരണം തുടരും.

പ്രളയമേഖലകളിൽ മനോരമ മെഡിക്കൽ ക്യാംപുകളും തുടരുന്നു. ഇന്നലെ കോട്ടയം നട്ടാശേരിയിലും പത്തനംതിട്ട ആറാട്ടുപുഴയിലും നടത്തിയ ക്യാംപുകളിൽ 1,356 പേർ ചികിൽസ തേടി. കോട്ടയം കാരിത്താസ് ആശുപത്രി, തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു ക്യാംപുകൾ. 34 ക്യാംപുകളിലായി ചികിൽസാ സഹായം ലഭിച്ചവർ 22,811 ആയി.

ആലപ്പുഴ ജില്ലയിൽ പ്രളയം ഏറെ വലച്ച പാണ്ടനാടാണ് ഇന്നത്തെ ക്യാംപ്. പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ മൾട്ടി സ്പെഷ്യൽറ്റി ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാർ നേതൃത്വം നൽകും. സൗജന്യ മരുന്നും ആരോഗ്യ കിറ്റും വിതരണം ചെയ്യും. അരലക്ഷത്തിലേറെ പേർക്കു ചികിൽസ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ ജില്ലകളിൽ ക്യാംപുകൾ തുടരുകയാണ്.