Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എലിപ്പനി പ്രതിരോധത്തിനെതിരെ പ്രചാരണം: പ്രകൃതി ചികിൽസകൻ ജേക്കബ് വടക്കുംചേരി അറസ്റ്റിൽ

jacob-vadakkanchery

തൃപ്പൂണിത്തുറ∙ എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിൽ പ്രകൃതി ചികിൽസകൻ ജേക്കബ് വടക്കുംചേരി(58)യെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കൊച്ചി ചമ്പക്കരയിലെ സ്ഥാപനത്തിൽ നിന്നായിരുന്നു അറസ്റ്റ്. എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിനു ഹാനികരമാണെന്നായിരുന്നു ഇയാളുടെ പ്രചാരണം.

മന്ത്രി കെ.കെ. ശൈലജ പരാതി നൽകിയതിനെ തുടർന്നു ഡിജിപിയുടെ നിർദേശമനുസരിച്ചാണ് വൈപ്പിൻ മാലിപ്പുറം സ്വദേശിയായ വടക്കുംചേരിക്കെതിരെ കേസെടുത്തതെന്നു പൊലീസ് അറിയിച്ചു. എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ പോലുള്ളവ കഴിക്കുന്നതു ശരീരത്തിനു ഹാനികരമാണെന്നാണ് ഇയാൾ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയത്.

ക്രൈംബ്രാഞ്ച് സിഐഡി ഡിറ്റക്ടീവ് ഇൻസ്പെക്ടർ പി.എസ്. ഷിജുവിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഫെയ്സ്ബുക് ലൈവ് നടത്താൻ ഉപയോഗിച്ച കംപ്യൂട്ടറും മറ്റും ഇടപ്പള്ളിയിലെ ചികിൽസാ കേന്ദ്രത്തിൽ നിന്നു കണ്ടെടുത്തതായി ക്രൈംബ്രാഞ്ച് അറിയിച്ചു. തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തിരുന്നത്.

ക്രൈംബ്രാഞ്ച് എസ്.പി. സാബു മാത്യു, ഡിവൈഎസ്പി റസ്റ്റം എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഊട്ടിയിലും വയനാട്ടിലുമൊക്കെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘം പോയിരുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ജേക്കബ് വടക്കുംചേരിക്കെതിരെ പ്രധാനമന്ത്രിക്കുൾപ്പെടെ പരാതി നൽകിയിട്ടുണ്ട്.