Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കളമൊരുക്കാൻ ആർഎസ്എസ് സമന്വയ ബൈഠക്; 56 പരിവാർ പ്രസ്ഥാനങ്ങളുടെയും യോഗം വിളിച്ചു ചേർക്കുന്നു

RSS logo

പത്തനംതിട്ട∙ കേന്ദ്രഭരണത്തിന്റെ വിലയിരുത്തലും 2019ലെ തിരഞ്ഞെടുപ്പിനു സജ്ജമാകലും ലക്ഷ്യമിട്ട് ബിജെപിയുൾപ്പെടെ 56 പരിവാർ പ്രസ്ഥാനങ്ങളുടെയും നേതൃയോഗം ആർഎസ്എസ് വിളിച്ചുചേർക്കും. എല്ലാ സംസ്ഥാനങ്ങളിലും ഇത്തരത്തിൽ ചേരുന്ന ‘സമന്വയ ബൈഠകി’ൽ ആർഎസ്എസ് ദേശീയ നേതാക്കൾ നേരിട്ടു പങ്കെടുക്കും.

56 പരിവാർ പ്രസ്ഥാനങ്ങളുടെയും പ്രവർത്തനം കാര്യക്ഷമമായ സംസ്ഥാനമാണ് കേരളം. കേരളത്തിലെ സമന്വയ യോഗം 15നും 16നും തൃശൂരിൽ പാറമേക്കാവിൽ നടക്കും. ആർഎസ്എസ് സർകാര്യവാഹക് ഭയ്യാജി ജോഷിയാണ് യോഗത്തിൽ രണ്ടുദിവസവും പങ്കെടുക്കുന്നത്. 56 പരിവാർ പ്രസ്ഥാനങ്ങളുടെയും സംസ്ഥാന പ്രസിഡന്റും ജനറൽ സെക്രട്ടറിമാരും മാത്രം പങ്കെടുക്കുന്ന യോഗത്തിൽ ആർഎസ്എസിന്റെ വിഭാഗ് (രണ്ടു ജില്ലകൾ ചേർന്നത്) ഭാരവാഹികളും പങ്കെടുക്കും. ആർഎസ്എസ് ഇൗ സംഘടനകളിലേക്കു നിയോഗിച്ചിട്ടുള്ള സംഘടനാ സെക്രട്ടറിമാരും പങ്കെടുക്കും.

മുന്നൂറോളം പേർ പങ്കെടുക്കുന്ന യോഗത്തിലേക്കു മറ്റാർക്കും പ്രവേശനമുണ്ടാകില്ല. രണ്ടു ദിവസം മുഴുവൻ നേരവും ഇൗ നേതാക്കളെല്ലാം യോഗത്തിനുണ്ടാകണമെന്നാണ് നിർദേശം. എല്ലാ സംഘടനകളുടെയും കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനം ആർഎസ്എസ് നേതൃത്വം വിലയിരുത്തും. ഭാവി പ്രവർത്തനങ്ങളും നിശ്ചയിക്കും.

ബിജെപിയുടെ പ്രവർത്തനത്തിനു കൂടുതൽ പ്രചാരകന്മാരെ നിയോഗിക്കണോ വേണ്ടയോ എന്നതുൾപ്പെടെ തീരുമാനവും ഇൗ യോഗത്തിന്റെ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണുണ്ടാകുക. ഇത്തവണ കേരളത്തിലെ ഇടതു ഭരണത്തിൽ ആർഎസ്എസിന്റെ വളർച്ചയ്ക്കു വേഗം കൂടിയെന്ന് ആർഎസ്എസ് വാർഷിക യോഗത്തിൽ നേരത്തേ വിലയിരുത്തലുണ്ടായിരുന്നു. സാമൂഹികമാധ്യമങ്ങളിലെ ഇടപെടലുകൾ വഴി വളർച്ചയ്ക്കു മുന്നേറ്റമുണ്ടെന്നായിരുന്നു വിലയിരുത്തൽ.

related stories