Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാർ നയത്തിനെതിരെ പ്രസംഗിക്കുന്നത് ഗുരുതര അച്ചടക്ക ലംഘനം: മന്ത്രി സുനിൽകുമാർ

V.S. Sunilkumar

തൃശൂർ∙ കുട്ടനാട്ടിലെ കൃഷിയാണ് ആ പ്രദേശത്തെ പ്രളയത്തിനു കാരണമെന്നും കൃഷി അവസാനിപ്പിക്കണമെന്നും പറഞ്ഞ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ സർക്കാരിന്റെ നയമല്ല പറയുന്നതെന്നും സർക്കാർ നയത്തിനു വിരുദ്ധമായി സർക്കാർ ചെലവിൽ ആർക്കെങ്കിലും പ്രസംഗിച്ചു നടക്കാനാകുമോ എന്നു മുഖ്യമന്ത്രി തീരുമാനിക്കുമെന്നും മന്ത്രി വി.എസ്.സുനിൽകുമാർ‌ പറഞ്ഞു.

നയത്തിനെതിരെ പ്രസംഗിച്ചു നടക്കുന്നതു ഗുരുതരമായ അച്ചടക്ക ലംഘനമാണ്. കുട്ടനാട് കൃഷി വികസന പാക്കേജിനായി മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം പല യോഗങ്ങളും നടത്തിക്കഴിഞ്ഞു. മന്ത്രിമാരായ ജി.സുധാകരൻ, തോമസ് ഐസക്ക് എന്നിവർ കുട്ടനാട് പാക്കേജിനായി പദ്ധതികൾ ആവിഷ്കരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ തീരുമാനങ്ങളും നയങ്ങളും നടപ്പാക്കാൻ ചുമതലപ്പെട്ട പി.എച്ച്.കുര്യൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ മറിച്ചെന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ വ്യക്തിപരമായ അഭിപ്രായമായി കണ്ടാൽ മതിയെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അതു സർക്കാരിന്റെ അഭിപ്രായമല്ല. മുന്നണിയുടെ പ്രകടനപത്രികയുടെ അടിസ്ഥാനത്തിൽ വ്യക്തമായ നയപരിപാടികളുടെ അടിസ്ഥാനത്തിലാണു സർക്കാർ തീരുമാനമെടുക്കുന്നത്.

യുഡിഎഫ് സർക്കാർ നടപ്പാക്കിയ ഭൂരഹിതർക്കു ഭൂമി പരിപാടി തട്ടിപ്പായിരുന്നുവെന്ന പി.എച്ച്.കുര്യന്റെ അഭിപ്രായം മോശമായിപ്പോയെന്ന് മുൻ റവന്യു മന്ത്രി അടൂർ പ്രകാശ് എംഎൽഎ. 58000 പേർക്കാണ് ഭൂമി നൽകിയതെന്നും മൂന്നു സെന്റ് വീതം നൽകി അവർക്ക് പാർപ്പിടം ഒരുക്കാനായിരുന്നു ശ്രമമെന്നും പ്രകാശ് പറഞ്ഞു.

related stories