Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയബാധിതർക്ക് വീട്ടുപകരണം: സിഐഐയുടെ സഹകരണം തേടുന്നു

rebuild-kerala

പാലക്കാട്∙ പ്രളയബാധിതർക്കു കുറഞ്ഞ നിരക്കിൽ ഗൃഹോപകരണങ്ങൾ  ലഭ്യമാക്കുന്നതിനു  ഗൃഹോപകരണ സ്ഥാപനങ്ങളുടെ സഹകരണം തേടി  സംസ്ഥാന സർക്കാർ. രാജ്യത്തെ വ്യവസായ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുമായി (സിഐഐ) പ്രാഥമിക ചർച്ച നടത്തിയ മന്ത്രി ഇ.പി.ജയരാജന്‍ തുടർ നടപടികൾക്കു  കുടുംബശ്രീ മിഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ എസ്.ഹരികിഷോറിനെ ചുമതലപ്പെടുത്തി.

ലക്ഷക്കണക്കിനു ഗൃഹോപകരണങ്ങളാണു പ്രളയക്കെടുതിയിൽ നഷ്ടമായത്. ടെലിവിഷൻ, വാഷിങ് മെഷീൻ, മിക്സി പോലെയുള്ള ഉപകരണങ്ങളും പാത്രങ്ങളും കിടക്കകളുമാണു കൂടുതലായി ആവശ്യമുണ്ടാകുക. ഇവ പരമാവധി വില കുറച്ചു നൽകണമെന്ന സർക്കാരിന്റെ ആവശ്യത്തോട് അനുകൂലമായാണു സിഐഐ പ്രതികരിച്ചത്. 

പ്രളയക്കെടുതിയിൽ നഷ്ടമുണ്ടായവർക്കു കുടുംബശ്രീ നൽകുന്ന ഒരു ലക്ഷം രൂപയുടെ പലിശരഹിതവായ്പയുമായി ബന്ധപ്പെടുത്തിയാണു പദ്ധതി നടപ്പാക്കുക. ഏതൊക്കെ സാധനങ്ങൾ എത്ര വേണ്ടിവരുമെന്നു കണ്ടെത്താൻ പഠനം കുടുംബശ്രീ നടത്തും. ആ കണക്ക് അനുസരിച്ചാകും  വിലയിൽ എത്ര കുറവു വരുത്താമെന്നു സംഘടന തീരുമാനിക്കുക. 

ഗൃഹനിർമാണ സാമഗ്രികൾ, പെയിന്റ് എന്നിവയുടെ നിർമാതാക്കളുമായും ഡീലർമാരുമായും ചർച്ച നടത്തി വിശദമായ പദ്ധതി സർക്കാർ തയാറാക്കുന്നുണ്ട്.