Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹ സർട്ടിഫിക്കറ്റ് റദ്ദാക്കാൻ റജിസ്ട്രാർക്കു കഴിയില്ല: കോടതി

court-order-1

കൊച്ചി∙ വിവാഹം നടന്നതായി ബോധ്യപ്പെട്ടു നൽകുന്ന വിവാഹ സർട്ടിഫിക്കറ്റ്, ചട്ടത്തിൽ പറയുന്ന കാരണങ്ങളാലല്ലാതെ റദ്ദാക്കാൻ വിവാഹ റജിസ്ട്രാർക്കു സാധ്യമല്ലെന്നു ഹൈക്കോടതി. വിവാഹം നടന്നിട്ടുണ്ടോ എന്നു പ്രഥമദൃഷ്ട്യാ വിലയിരുത്തുന്നതിനപ്പുറം വിവാഹ നടത്തിപ്പ് നിയമപരമാണോ എന്നു റജിസ്ട്രാർ പരിഗണിക്കേണ്ടതല്ല. അത്തരം വിവാഹങ്ങൾ അസാധുവാക്കണമെങ്കിൽ കുടുംബകോടതി മുഖേന നിയമാനുസൃത നടപടി വേണമെന്നു ജസ്റ്റിസ് ഷാജി പി. ചാലി വ്യക്തമാക്കി. 

തിരുവനന്തപുരം മിശ്രവിവാഹ സമിതി നടത്തിയ വിവാഹച്ചടങ്ങിൽ തിരുവനന്തപുരം സ്വദേശിയായ ക്രിസ്ത്യൻ യുവാവിനെ വിവാഹം ചെയ്ത കൊച്ചിയിലെ ഹിന്ദു പെൺകുട്ടിയാണു ഹർജി നൽകിയത്. 2014ൽ ഹർജി നൽകുമ്പോൾ പെൺകുട്ടിയുടെ പ്രായം 19, ആൺകുട്ടിക്ക് 24. മിശ്രവിവാഹ സമിതിയുടെ സർട്ടിഫിക്കറ്റും വിവാഹ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റും റദ്ദാക്കണമെന്ന പെൺകുട്ടിയുടെ ആവശ്യം തിരുവനന്തപുരം കോർപറേഷനിലെ ലോക്കൽ വിവാഹ റജിസ്ട്രാറും ജില്ലാ റജിസ്ട്രാർ ജനറലും നിരസിച്ച സാഹചര്യത്തിലാണു ഹർജി. 

അപേക്ഷയുടെയും മിശ്രവിവാഹ സമിതിയുടെ സർട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തിൽ പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടശേഷമാണു വിവാഹം റജിസ്റ്റർ ചെയ്തത്. റദ്ദാക്കാനാവില്ലെന്ന റജിസ്ട്രാറുടെ നിലപാടിൽ തെറ്റില്ലെന്നു കോടതി വ്യക്തമാക്കി.

related stories