Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എലിപ്പനി: 2 മരണം കൂടി; രോഗലക്ഷണങ്ങളോടെ മറ്റൊരു മരണവും

leptospirosis-kerala

സംസ്ഥാനത്ത് ഇന്നലെ എലിപ്പനി ബാധിച്ച് രണ്ടുപേരും എലിപ്പനി രോഗലക്ഷണങ്ങളോടെ ഒരാളും മരിച്ചു. 

എറണാകുളം പറവൂർ വടക്കേക്കര സ്വദേശി ദേവസി (61), കാസർകോട് ധർമത്തടുക്ക സ്വദേശി അബ്ദുൽ അസീസ് (35) എന്നിവരാണ് എലിപ്പനി മൂലം മരിച്ചത്. ആലപ്പുഴ മുനിസിപ്പൽ വാർഡ് സ്വദേശി ഷൺമുഖൻ (65) എലിപ്പനി രോഗലക്ഷണത്തോടെ മരിച്ചു. പനി ബാധിച്ചു കൊല്ലം മൺറോതുരുത്ത് സ്വദേശി വിൽഫ്രഡും (67) മരിച്ചു. വെള്ളിയാഴ്ച കണ്ണൂരിൽ മരിച്ച നൗഷാദിന്റെ (54) മരണം എലിപ്പനി മൂലമാണെന്നു സ്ഥിരീകരിച്ചു. എലിപ്പനി, ഡെങ്കിപ്പനി  ലക്ഷണങ്ങളോടെ ഇരുന്നൂറിലേറെ പേർ ഇന്നലെ സംസ്ഥാനത്തു ചികിൽസ തേടി. 

തിരുവനന്തപുരം ജില്ലയിൽ രണ്ടുപേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. പനി ബാധിച്ച് 624 പേർ ചികിൽസ തേടി. കൊല്ലം ജില്ലയിൽ ഇന്നലെ ഒരാൾക്കുകൂടി എലിപ്പനി സ്ഥിരീകരിച്ചു. മൂന്നുപേരെ ലക്ഷണങ്ങളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഒരാൾക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 

ആലപ്പുഴ ജില്ലയിൽ 10 പേർ ചികിൽസ തേടി. എറണാകുളം ജില്ലയിൽ 21 പേരെ എലിപ്പനി ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആറുപേരിൽ രോഗം സ്ഥിരീകരിച്ചു. 

കോഴിക്കോട്ട് എലിപ്പനിക്ക് 22 പേർ ചികിൽസ തേടി. 6 പേർക്കു രോഗം സ്ഥിരീകരിച്ചു. 16 പേർ എലിപ്പനി സംശയത്തെ തുടർന്നു ചികിൽസ തുടങ്ങി. ഡെങ്കിപ്പനി ബാധിച്ച് 9 പേരാണു ചികിൽസ തേടിയത്. ഒരാൾക്കു രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ നാലുപേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. മൂന്നുപേർ ലക്ഷണങ്ങളോടെ ചികിത്സയിൽ.

കാസർകോട്ട് അബ്ദുൽ അസീസിന്റേത് ഈ വർഷം എലിപ്പനി മൂലമുള്ള ജില്ലയിലെ ആദ്യ മരണമായിരുന്നു. ഒരാൾക്കു കൂടി രോഗം സ്ഥിരീകരിച്ചു.