Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏമാൻമാരുടെ കുറ്റം ഒളിപ്പിച്ചു; വിവരമറിയുമെന്ന് വിവരാവകാശ കമ്മിഷണർ

police

ആലപ്പുഴ∙ പൊലീസിലെ ശിക്ഷണനടപടികളെക്കുറിച്ചുള്ള വിവരാവകാശ അപേക്ഷയ്ക്കു പൊലീസ് ആസ്ഥാനത്തുനിന്നു ശരിയായവിധം മറുപടി നൽകാത്തതിനെത്തുടർന്നു മുഖ്യ വിവരാവകാശ കമ്മിഷണർ നടപടി തുടങ്ങി. 15 ദിവസത്തിനുള്ളിൽ മുഴുവൻ വിവരങ്ങളും നൽകണമെന്നും ഇല്ലെങ്കിൽ കാരണം അറിയിക്കണമെന്നും കമ്മിഷണർ ഉത്തരവിട്ടു.

പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള കേസുകളുടെ വിവരങ്ങളാണു വിവരാവകാശ പ്രവർത്തകനായ ഡി.ബി. ബിനു ആവശ്യപ്പെട്ടത്. സംസ്ഥാന വിവരാവകാശ ഉദ്യോഗസ്ഥൻ (എസ്പിഐഒ) വിവരങ്ങൾ നേരിട്ടു ശേഖരിച്ചു നൽകണമെന്നാണു നിയമമെങ്കിലും അങ്ങനെയല്ല ചെയ്തത്. പൊലീസ് ആസ്ഥാനത്തെ ടി ബ്രാഞ്ചിൽനിന്നു ലഭിച്ച വിവരങ്ങൾ എന്നു പറഞ്ഞാണു മറുപടി നൽകിയത്. ഇതു വിവരാവകാശ നിയമപ്രകാരം ശരിയല്ലെന്നു കണ്ടെത്തി. 

ചോദിച്ച വിവരങ്ങൾ മുഴുവൻ നൽകിയില്ലെന്നും ചിലതു നിഷേധിച്ചതിന്റെ കാരണം മറുപടിയിൽ ഇല്ലെന്നും കൂടി കണ്ടെത്തിയതിനെ തുടർന്നാണു കമ്മിഷണറുടെ നടപടി.

വിവരങ്ങൾ നിഷേധിക്കുമ്പോൾ അത് അപേക്ഷകനോടു വ്യക്തമാക്കാൻ വിവരാവകാശ ഉദ്യോഗസ്ഥന് ഉത്തരവാദിത്തമുണ്ടെന്നും യാന്ത്രികമായി മറുപടി നിഷേധിക്കുന്നതു ശരിയല്ലെന്നും മുഖ്യ വിവരാവകാശ കമ്മിഷണർ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.