Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം: ജില്ലാതല ധനസമാഹരണം ഇന്നു മുതൽ; വിദ്യാർഥികളുടെ സംഭാവന നാളെ

trivandrum-kerala-help

തിരുവനന്തപുരം∙ പ്രളയദുരന്തത്തിൽ തകർന്ന കേരളത്തെ പുനർനിർമിക്കാനുള്ള സർക്കാരിന്റെ ജില്ലാതല ധനസമാഹരണ യജ്ഞം ഇന്നു മുതൽ 15 വരെ നടക്കും. മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജില്ലകളിലെ ധനസമാഹരണത്തിനു നേതൃത്വം നൽകും. 

30,000 കോടിയിലേറെ നഷ്ടമാണ് ഇപ്പോൾ കണക്കാക്കിയിരിക്കുന്നത്. ഇതുവരെ 1200 കോടിയോളം രൂപയാണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ലഭിച്ചത്. 24 ലക്ഷം പേർ ഓൺലൈൻ വഴി സംഭാവന നൽകി.കുട്ടികളുടെ സംഭാവന വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി നാളെയും മറ്റന്നാളുമായി സമാഹരിക്കും. കഴിയാവുന്ന തുക നൽകി കുട്ടികൾ ഈ യജ്ഞത്തിൽ പങ്കാളികളാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. 

പ്രളയബാധിത സ്‌കൂളുകളുടെയും സ്കൂളുകളിൽനിന്നുള്ള ദുരിതാശ്വാസ സംഭാവനയുടെയും കണക്കെടുപ്പ് സമ്പൂർണ വെബ്‌പോർട്ടൽ വഴി നടത്തും. സ്‌കൂളുകൾ ശേഖരിക്കുന്ന തുക നാളെ വൈകിട്ടു സമ്പൂർണ സ്‌കൂൾ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ വഴി അറിയിക്കണം. എസ്ബിഐയുടെ പോർട്ടലിൽ ഓൺലൈനായും ചെലാൻ ഉപയോഗിച്ചു ശാഖകൾ വഴിയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ബാങ്ക് അക്കൗണ്ടിൽ പണമടയ്ക്കാം. ഒന്നു മുതൽ പന്ത്രണ്ടുവരെയുള്ള മുഴുവൻ സ്‌കൂളുകളുടെയും (സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ) വിശദാംശങ്ങൾ സമ്പൂർണയിൽ രേഖപ്പെടുത്തണമെന്ന് ഉത്തരവ് ഇറക്കിയിരുന്നു.

കേരളത്തിനായി ബ്രിട്ടനിലെ ഇന്ത്യൻ വംശജർ

ലണ്ടൻ∙ കേരളത്തിനു കൈത്താങ്ങൊരുക്കാൻ ബ്രിട്ടനിലെ ഇന്ത്യൻ വംശജ എഴുത്തുകാരുടെയും ഉദ്യോഗസ്ഥരുടെയും ശ്രമം. ബുധനാഴ്ച ലണ്ടനിലെ പ്രശസ്ത മലയാളി ഹോട്ടൽ ‘രസ’യിൽ നടക്കുന്ന ധനസമാഹരണച്ചടങ്ങിൽ ശശി തരൂർ എംപി പങ്കെടുക്കും. ശശി തരൂരിന്റെ സഹോദരിയും ലണ്ടനിൽ ട്രെയിനിങ് കൺസൽറ്റന്റുമായ സ്മിത തരൂർ, എഴുത്തുകാരി ജയശ്രീ മിശ്ര, രസ ഹോട്ടൽ ശൃംഖലയുടെ ഉടമ ദാസ് ശ്രീധരൻ എന്നിവരാണു സംഘാടകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.