Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അണക്കെട്ട് ജലനിരപ്പ് ആദ്യമുന്നറിയിപ്പിനുള്ള പരിധിയെക്കാൾ താഴ്ത്തിനിർത്തും

Dams

കൊല്ലങ്കോട് (പാലക്കാട്)∙ അണക്കെട്ടുകളിലെ ജലനിരപ്പ് ആദ്യമുന്നറിയിപ്പു നൽകാനുള്ള നിരപ്പിനെക്കാൾ താഴ്ത്തി നിർത്താൻ ജലസേചന വകുപ്പ് ചീഫ് എൻജിനീയറുടെ സർക്കുലർ. വരാനിരിക്കുന്ന തുലാവർഷത്തിൽ ലഭിക്കാൻ സാധ്യതയുള്ള മഴ പരിഗണിച്ചാണു മുൻകരുതൽ. 

സംഭരണ ശേഷിക്ക് അനുസൃതമായാണ് ഒരോ ഡാമിന്റെയും ആദ്യമുന്നറിയിപ്പ് (മഞ്ഞ), രണ്ടാം മുന്നറിയിപ്പ് (ഓറഞ്ച്), അന്തിമ മുന്നറിയിപ്പ് (ചുവപ്പ്) എന്നിവ നിശ്ചയിച്ചിരിക്കുന്നത്. അതിനാൽ, ഒന്നാം മുന്നറിയിപ്പിനു താഴെ ജലനിരപ്പ് നിർത്തിയാൽ പെട്ടെന്നു ഡാം തുറക്കേണ്ട സ്ഥിതി ഉണ്ടാവില്ലെന്നാണു ജലസേചന വകുപ്പിന്റെ വിലയിരുത്തൽ. 

ഉന്നത അധികാരികളുടെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദേശം ഇല്ലാതെ ഏതു സാഹചര്യത്തിലും, പ്രത്യേകിച്ചു രാത്രിയിൽ, ഷട്ടർ ഉയർത്താൻ പാടില്ല. ജലനിരപ്പ് സംബന്ധിച്ച വിവരങ്ങൾ എംഎൽഎയെയും പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികളെയും യഥാസമയം ധരിപ്പിക്കണം. 

വൃഷ്ടിപ്രദേശങ്ങളിൽ നിന്നോ പുഴകളിലൂടെയോ അല്ലാതെയുള്ള ഒഴുക്കിനെക്കുറിച്ചും പുഴയിലേക്കോ കനാലിലേക്കോ തുറന്നതു സംബന്ധിച്ചും അതതു സമയത്തു ജില്ലാ ഭരണകൂടത്തെയും വകുപ്പു മേധാവികളെയും അറിയിക്കണമെന്നും സർക്കുലറിൽ നിർദേശമുണ്ട്.

കാലവർഷത്തെ തുടർന്നുണ്ടായ പ്രളയത്തിൽ അണക്കെട്ടുകൾ തുറന്നതിൽ വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിലാണു സർക്കുലർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.