Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയ മുന്നറിയിപ്പിന് സംവിധാനം: ആദ്യം കൊൽക്കത്തയിൽ

palakkad-flood-scale

തിരുവനന്തപുരം∙ കേരളം പ്രളയക്കെടുതിയിൽനിന്നു മുക്തമാകുമ്പോൾ രാജ്യത്തെ ആദ്യ സമഗ്ര പ്രളയ മുന്നറിയിപ്പു സംവിധാനം കൊൽക്കത്തയിൽ ഉടൻ. എഡിബിയുടെ (ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക്) സഹായത്തോടെയുള്ള ഡിജിറ്റൽ സംവിധാനം ഈ മാസം പകുതിയോടെ വെള്ളപ്പൊക്കം നിത്യസംഭവമായ കൊൽക്കത്തയിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിച്ചുതുടങ്ങുമെന്നാണു സൂചന. 

എഡിബിയുടെ അർബൻ ഫിനാൻസിങ് പാർട്ണർഷിപ് ഫെസിലിറ്റിയുടെ ഭാഗമായി 21 കോടി രൂപ മുതൽമുടക്കിലാണു പദ്ധതികൾ. മുന്നറിയിപ്പിനു പുറമെ എവിടെയൊക്കെ വെള്ളം വ്യാപിക്കുമെന്നും മുൻകൂട്ടി അറിയാം. ക്ലൗഡ് അധിഷ്ഠിതമായ സംവിധാനമാണ് ആവിഷ്കരിക്കുന്നത്. 

ഇന്റർനെറ്റ് സഹായത്തോടെ പ്രവർത്തിക്കുന്ന സെൻസറുകൾ നഗരത്തിന്റെ പല ഭാഗത്തും നദിക്കരകളിലും സ്ഥാപിക്കും. ഇതിൽനിന്നുള്ള വിവരങ്ങൾ ഏകീകൃത സംവിധാനത്തിൽ നിർമിതബുദ്ധിയുടെ സഹായത്തോടെ പ്രത്യേക സോഫ്റ്റ്‍വെയർ പരിശോധിക്കും. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ ജിഐഎസ് മാപ്പിങ്ങിലൂടെ 35 ലെയറുകളായി എഡിബി സൂക്ഷിച്ചിട്ടുണ്ട്.

പെരിയാറിൽ വെള്ളം പൊങ്ങിയാൽ എത്ര വീടുകൾ മുങ്ങും?

പ്രളയമുണ്ടായാൽ എത്ര കെട്ടിടങ്ങൾ മുങ്ങുമെന്നു മുൻകൂട്ടി കാണാൻ കഴിയുന്ന സോഫ്റ്റ്‍വെയറായ ഇൻഎസെയ്ഫ് ഭാവിയിൽ കേരളത്തിനും ഉപയോഗപ്പെടുത്താമെന്നു വിദഗ്ധർ. ലോക ബാങ്കിന്റെയും ഓസ്ട്രേലിയൻ സർക്കാരിന്റെയും സഹായത്തോടെ ആരംഭിച്ച ഈ സ്വതന്ത്ര സോഫ്റ്റ്‍വെയറിലേക്കു പലതരം ഡേറ്റ നൽകിയാൽ ഏതു പ്രകൃതി ദുരന്തത്തിന്റെയും വ്യാപ്തി കണ്ടെത്താനാകും. 

മുൻപുണ്ടായ പ്രളയങ്ങൾ സംബന്ധിച്ച വിവരങ്ങൾ, ഡാമുകളിലെ ജലനിരപ്പ്, നദിയിലെ ജലനിരപ്പ്, ശാസ്ത്ര സ്ഥാപനങ്ങളുടെ അപഗ്രഥനങ്ങൾ തുടങ്ങിയവയും പശ്ചാത്തല വിവരമായി ഓപ്പൺ സ്ട്രീറ്റ് മാപ്, കെട്ടിടങ്ങളുടെ ജിയോടാഗിങ് വിവരങ്ങൾ, ഓപ്പൺസ്ട്രീ മാപ് തുടങ്ങിയവയുമാണു നൽകേണ്ടത്. പ്രത്യേക അൽഗോരിതമുപയോഗിച്ച് ഇവ അപഗ്രഥിക്കും. എത്ര സ്കൂളുകൾ, ദേവാലയങ്ങൾ, ആശുപത്രികൾ മുങ്ങും എന്നിങ്ങനെയുള്ള വിവരങ്ങളും തരംതിരിച്ചെടുക്കാം. 2009ലും 2012ലും ഇന്തൊനീഷ്യയിൽ രണ്ടു പ്രധാന ഡാമുകൾ തകർന്നു വെള്ളപ്പൊക്കമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ഇന്തൊനീഷ്യ സോഫ്റ്റ്‍വെയർ വികസിപ്പിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.