Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലാവസ്ഥ: ഐഎസ്ആർഒയുടെ ഉൾപ്പെടെ പിന്തുണ തേടും

INDIA-FLOODS/

തിരുവനന്തപുരം∙ കാലാവസ്ഥാ മുന്നറിയിപ്പുകൾ കാര്യക്ഷമമാക്കാനായി ഇന്ത്യൻ ബഹിരാകാശ ഗവേഷണകേന്ദ്രത്തിന്റെയും (ഐഎസ്ആർഒ) സ്വകാര്യ രാജ്യാന്തര സ്ഥാപനങ്ങളുടെയും പിന്തുണ തേടാൻ സംസ്ഥാന സർക്കാർ തീരുമാനം. 

ഐഎസ്ആർഒ ഉന്നത ഉദ്യോഗസ്ഥരുമായി പ്രാഥമിക ചർച്ച പൂർത്തിയായി. ഐബിഎം വെതർ കമ്പനി, സ്കൈമെറ്റ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമാക്കാനുള്ള നടപടികളും തുടങ്ങി. കേന്ദ്രസർക്കാരിനു കീഴിലുള്ള കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകൾക്കു കൃത്യത പോരെന്ന വിലയിരുത്തലിനെത്തുടർന്നാണു നടപടി. 

ആധുനിക ഉപഗ്രഹങ്ങളുടെ സഹായത്തോടെയാണ് ഐഎസ്ആർഒ കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകുന്നത്. എന്നാൽ, കാലാവസ്ഥാ വകുപ്പു വഴിയാണ് ഈ വിവരങ്ങൾ സംസ്ഥാനങ്ങൾക്കു ലഭിക്കുന്നത്. ഇതിനു പകരം ആവശ്യമായ വിവരങ്ങൾ നേരിട്ടു ലഭ്യമാക്കാനാണു കേരളം ശ്രമിക്കുന്നത്. 

ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കാലാവസ്ഥാ വിവരങ്ങളുടെ കൈമാറ്റത്തിന് ഐഎസ്ആർഒയുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐബിഎമ്മിന്റെ ‘ദ് വെതർ’ കമ്പനിയിൽ നിന്നുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ ഇപ്പോൾ തന്നെ സംസ്ഥാന സർക്കാർ നിരീക്ഷിക്കുന്നുണ്ട്. 

കേരളത്തിലെ 14 ജില്ലകളിലെയും കാലാവസ്ഥ കൃത്യമായി ലഭിക്കത്തക്കവിധം ഐബിഎമ്മിൽ നിന്നുള്ള വിവരങ്ങൾ ക്രമീകരിക്കാനാണ് ഇപ്പോഴത്തെ നീക്കം. സ്കൈമെറ്റ് എന്ന സ്വകാര്യസ്ഥാപനത്തിൽ നിന്നുള്ള വിവരങ്ങളും വിലയിരുത്തലിന് ഉപയോഗിക്കും. 

കഴിഞ്ഞ വർഷം ഓഖി ചുഴലിക്കാറ്റുണ്ടായപ്പോഴും ഇത്തവണത്തെ പ്രളയമുണ്ടായപ്പോഴും കേന്ദ്ര കാലാവസ്ഥാവകുപ്പ് കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്ന് സംസ്ഥാന സർക്കാർ കുറ്റപ്പെടുത്തിയിരുന്നു. 

ഓഖി സമയത്തെ മുന്നറിയിപ്പിലെ പോരായ്മകൾ പിന്നീട് പാർലമെന്ററി സമിതിയും ശരിവച്ചിരുന്നു. 

വേണ്ടത് 256 മഴമാപിനികൾ; ഉള്ളത് 68

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് നിബന്ധനപ്രകാരം 150 ചതുരശ്ര കിലോമീറ്ററിൽ ഒരു മഴമാപിനി വേണം. ഈ കണക്കിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ 256 മഴമാപിനികൾ വേണം. എന്നാൽ നിലവിലുള്ളത് 68 എണ്ണം മാത്രം. ഇവയിൽ നിന്നുള്ള വിവരം ഒരു ദിവസത്തിനു ശേഷമാണു ലഭിക്കുന്നത്. 

ചൂട് അളക്കാനുള്ള ഉപകരണങ്ങൾ കേരളത്തിൽ 10 സ്ഥലത്തു മാത്രമേയുള്ളൂ. ഈ പോരായ്മകൾ മറികടക്കാൻ കൂടിയാണ് സർക്കാർ ഐഎസ്ആർഒ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സഹകരണം തേടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.