പമ്പാ ത്രിവേണി തയാർ; ശബരിമല നട 16ന് തുറക്കും

ശബരിമല ∙ കന്നിമാസപൂജയ്ക്ക് ക്ഷേത്ര നട 16നു വൈകിട്ട് അഞ്ചിനു തുറക്കും. 21 വരെ പൂജകൾ ഉണ്ടാകും. കണ്ഠര് രാജീവര് അടുത്ത ഒരുവർഷത്തേക്കുള്ള തന്ത്രിയായി 16നു ചുമതലയേൽക്കും. 17 മുതൽ 21 വരെ നെയ്യഭിഷേകം, ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം എന്നിവ ഉണ്ടാകും. 21ന് രാത്രി 10നു നട അടയ്ക്കും.

 പ്രളയത്തെ തുടർന്നു ചിങ്ങമാസ പൂജയ്ക്കു തന്ത്രിക്കു സന്നിധാനത്ത് എത്താൻ കഴിഞ്ഞിരുന്നില്ല. മഹാപ്രളയത്തിൽ തകർന്നടിഞ്ഞ പമ്പാ ത്രിവേണിയിൽ ഭക്തർക്കു സന്നിധാനത്തേക്കു പോകാൻ താൽക്കാലിക സംവിധാനമായി. നദിയിൽ ഇറങ്ങി കയറാതെ ത്രിവേണി പാലത്തിലൂടെ  മറുകര എത്തി അയ്യപ്പന്മാർക്കു നടന്നു പോകാം. ഗതിമാറി ഒഴുകിയ പമ്പാനദിയെ ചാലു തീർത്തു കക്കി നദിയുമായി സംഗമിപ്പിച്ചാണ് ദേവസ്വം ബോർഡ് ഇതിനുള്ള വഴിയൊരുക്കിയത്.

തീർഥാടകർ ഓർക്കണം ഇക്കാര്യങ്ങൾ

∙ പ്രധാന പാതയായ മണ്ണാരക്കുളഞ്ഞി– പമ്പ റോഡ് എട്ടിടത്ത് ഇടിഞ്ഞ് അപകടാവസ്ഥയിലാണ്. റോഡിന്റെ പകുതി ഭാഗംവരെ ഇടിഞ്ഞു പോയിട്ടുണ്ട്. അവിടം വീപ്പകൾ വച്ച് തിരിച്ചിട്ടുണ്ട്. സൂക്ഷിച്ചു വേഗം കുറച്ചു വന്നില്ലെങ്കിൽ അപകടം ഉണ്ടാകാം.

∙ റോഡ് ഇടിഞ്ഞുപോയ സ്ഥലങ്ങളിൽ ഗതാഗത കുരുക്കിനു സാധ്യതയുണ്ട്. പലയിടത്തും കൊക്കയുടെ ഭാഗത്ത് വിള്ളൽ ഉണ്ട്. അതിനാൽ അത്തരം സ്ഥലങ്ങളിൽ വാഹനങ്ങൾ സംരക്ഷണ ഭിത്തിയുടെ ഭാഗത്തേക്ക് അധികം ചേർക്കരുത്.

∙ പ്രളയത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങളും ഒഴുകിവന്ന വൻമരങ്ങളും  പമ്പാ മണൽപ്പുറത്തു നിന്നു നീക്കിയിട്ടില്ല. അതിനാൽ ത്രിവേണി വലിയ പാലത്തിലൂടെ വേണം സന്നിധാനത്തേക്കു പോകാൻ.

∙ ത്രിവേണിയിലെ നടപ്പാലത്തിലൂടെ മണൽപ്പുറത്ത് എത്തിയാൽ വലിയ പാലം വരെ നടന്നാലേ ഗണപതികോവിലിലേക്കുള്ള വഴിയിൽ കയറാൻ പറ്റൂ. 

∙ ഹിൽടോപ് പാർക്കിങ് ഗ്രൗണ്ടിന്റെ ഒരുവശം മുഴുവൻ വെള്ളപ്പൊക്കത്തിൽ ഇടിഞ്ഞുപോയി. അടിയിലെ മണ്ണ് ഒലിച്ചു പോയി കോൺക്രീറ്റ് മാത്രമായി  നിൽക്കുന്നുണ്ട്. ഇവി‌ടേക്കു പോകുന്നത് അപകടമാണ്.

∙ ത്രിവേണി പാർക്കിങ് മേഖലയിൽ മണ്ണുമൂടി കിടക്കുന്നതിനാൽ വാഹനങ്ങൾ ഇറക്കാൻ പറ്റില്ല.

∙ ചാലക്കയത്തിനും പമ്പയ്ക്കും മധ്യേ രണ്ടിടത്ത് റോഡിന്റെ വശം ഇടിഞ്ഞു നദിയിലേക്കു പതിച്ചിട്ടുണ്ട്. റോഡിന്റെ വശത്തു പാർക്ക് ചെയ്യുന്നവർ ശ്രദ്ധിക്കണം.

∙ പ്രളയത്തിൽ എല്ലാം തകർന്നതിനാൽ പമ്പാ മണൽപ്പുറത്ത് കടകൾ ഒന്നുമില്ല. പെട്രോൾ പമ്പിനു സമീപം രണ്ടു കടകൾ മാത്രമേയുള്ളു.