Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജലന്തർ ബിഷപ്പിന്റെ അറസ്റ്റ്: അന്തിമ തീരുമാനം നാളെ

franco-mulakkal

കോട്ടയം∙ പീഡനം സംബന്ധിച്ച കന്യാസ്ത്രീയുടെ പരാതിയിൽ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് സംബന്ധിച്ച അന്തിമ തീരുമാനം നാളെ. അന്വേഷണ റിപ്പോർ‌ട്ട് ഹൈക്കോടതിയിൽ പൊലീസ് വ്യാഴാഴ്ച സമർപ്പിക്കും. ഇതിനു മുമ്പായി  നാളെ ഐജി വിജയ് സാക്കറേ, ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ, അന്വേഷണ ഉദ്യോഗസ്ഥൻ വൈക്കം ഡിവൈഎസ്പി കെ. സുഭാഷ് എന്നിവർ യോഗം ചേരും. 

തെളിവുകൾ ലഭിച്ചുവെന്ന് ഉറപ്പായാ‍ൽ ബിഷപ്പിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നാണ് പൊലീസിന്റെ നിലപാട്. പി.സി.ജോർജ് എംഎൽഎയുടെ അപകീർത്തികരമായ പരാമർശം സംബന്ധിച്ചു കന്യാസ്ത്രീയുടെ മൊഴി പൊലീസ് ഇന്നു രേഖപ്പെടുത്തും. കന്യാസ്ത്രീയുടെ പരാതിയുണ്ടെങ്കിൽ മാത്രമേ പൊലീസ് കേസ് എടുക്കൂ. 

അതേസമയം, ജോർജിനെതിരെ ഉടനെ പരാതി നൽകില്ലെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കൾ അറിയിച്ചു. സംഭവം വിവാദമാക്കി കേസ് വഴിതെറ്റിക്കാനുള്ള ശ്രമം നടക്കുകയാണെന്നും ബിഷപ്പിനെതിരായ കേസിലാണ് തങ്ങളുടെ ശ്രദ്ധയെന്നും ബന്ധുക്കൾ പറഞ്ഞു. പീഡനക്കേസുമായി ബന്ധപ്പെട്ട് കന്യാസ്ത്രീയുടെ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കും. പരാതി നൽകിയ കന്യാസ്ത്രീ കടുത്ത മാനസിക സമ്മർദത്തിലാണെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

പരാതി നൽകിയ കന്യാസ്ത്രീയും കൊച്ചിയിൽ സമരത്തിൽ പങ്കെടുത്ത അഞ്ചു കന്യാസ്ത്രീകളും നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലാണ് താമസം. ഇവരുടെ ബന്ധുക്കളും കുടുംബാംഗങ്ങളും ഇന്നലെ മിഷൻ ഹോമിലെത്തി.

ഇരകൾക്കൊപ്പം: മാർ കൂറിലോസ്

തിരുവല്ല∙ രാഷ്ട്രീയത്തിലായാലും സഭകളിലായാലും എപ്പോഴും ഇരകൾക്കൊപ്പമാണു താനെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപനും കേരള കൗൺസിൽ ഒ‍ാഫ് ചർച്ചസ് പ്രസിഡന്റുമായ ഡോ. ഗീവർഗീസ് മാർ‌ കൂറിലോസ്. പി.കെ. ശശി എംഎൽഎക്കും ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനുമെതിരെ ഉയരുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലുള്ള ഫെയ്സ്ബുക് പോസ്റ്റിലാണ് മാർ കൂറിലോസ് ഇങ്ങനെ പറഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.