ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം; സമരത്തിന് പിന്തുണയേറുന്നു

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു നിരാഹാര സമരം നടത്തിയ ജോൺ ജോസഫിന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്കു മാറ്റുന്നു.

കൊച്ചി ∙ ബിഷപ് മാർ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ നടത്തുന്ന സമരം ശക്തമാകുന്നു. ഹർത്താൽ ദിനത്തിലും വലിയ ജനപങ്കാളിത്തമാണു സമരവേദിയിലുണ്ടായത്. 

ഇന്നലെയും ഒട്ടേറെപ്പേർ സമരത്തിന് അഭിവാദ്യമർപ്പിച്ചു ഹൈക്കോടതി ജംക്‌ഷനിലെ സമരപന്തലിൽ എത്തി. 

ആം ആദ്മി സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠൻ, എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ. അരുൺ, ലോയേഴ്സ്  കോൺഗ്രസ് പ്രസിഡന്റ്  ടി. ആസിഫലി, ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു, മഹിള മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.എം. ശാലീന, അഡ്വ. ശിവൻ മഠത്തിൽ എന്നിവരും ഫോർവേഡ് ബ്ലോക്ക്, എഐവൈഎഫ്, ഹിന്ദു ഐക്യവേദി, ശിവസേന തുടങ്ങിയ പാർട്ടികളും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചെത്തി.

ഹർത്താൽ മൂലം കുറവിലങ്ങാട് മഠത്തിൽ നിന്നുളള കന്യാസ്ത്രീകൾക്ക് ഇന്നലെ സമരവേദിയിലെത്താൻ കഴിഞ്ഞില്ല. അതേസമയം എറണാകുളം റാണി മാതാ കോൺവന്റിലെ സിസ്റ്റർ ടീന ജോസ് സമരത്തിനു പിന്തുണയുമായി വേദിയിലെത്തി. സഭയ്ക്ക് ആകെ നാണക്കേടാണ് ഈ സംഭവമെന്ന് അവർ പറഞ്ഞു. ഇത്തരം ദുഷ്പ്രവണതകൾക്കെതിരെ പോരാട്ടം തുടരും. മുൻപു സഭയിലെ പ്രശ്നങ്ങൾ ചുണ്ടിക്കാട്ടി സഭാമേലധ്യക്ഷൻമാർക്കു പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു. സേ

വ് അവർ സിസ്‌റ്റേഴ് (എസ്ഒഎസ്) ആക്‌ഷൻ കൗൺസിലിന്റെ കീഴിൽ 101 അംഗ കർമസമിതിയുടെ നേതൃത്വത്തിലാണ് ഇപ്പോൾ സമരം പുരോഗമിക്കുന്നത്.  കഴിഞ്ഞ ദിവസങ്ങളിൽ സമരത്തിന്റെ ഭാഗമായിരുന്ന വൈദികരും കന്യാസ്ത്രികളും ഇന്നലെയും സമരപ്പന്തലിലെത്തി. അതിനിടെ കഴിഞ്ഞ മൂന്നു ദിവസമായി നിരാഹാരമനുഷ്ഠിച്ചിരുന്ന ജോൺ ജോസഫിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്കു മാറ്റി. സ്റ്റീഫൻ മാത്യു നിരാഹാര സമരം ഏറ്റെടുത്തു.