ആരും നിയമത്തിന് അതീതരല്ല: ബിഷപ് ഫ്രാങ്കോ കേസിൽ ഹൈക്കോടതി

കൊച്ചി∙ ആരും നിയമത്തിന് അതീതരല്ലെന്നും മറിച്ചൊരു തെറ്റിദ്ധാരണ ആർക്കും വേണ്ടെന്നും ഹൈക്കോടതി. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന രണ്ടു പൊതുതാൽപര്യ ഹർജികൾ പരിഗണിക്കവേയാണു പരാമർശം. സമാനഹർജി തീർപ്പാക്കി ഒരുമാസം പിന്നിട്ടപ്പോൾ അന്വേഷണത്തിൽ എന്തു പുരോഗതി ഉണ്ടായെന്നു വാദത്തിനിടെ കോടതി ചോദിച്ചു. ഇരയുൾപ്പെടെ സാക്ഷികളെ സംരക്ഷിക്കാൻ പദ്ധതിയുണ്ടോ? കന്യാസ്ത്രീക്കു ഭീഷണിയുണ്ടെന്ന പരാതിയിൽ എന്തു നടപടിയെടുത്തു? – കോടതി ആരാഞ്ഞു. 

പൊലീസിന്റെ വിശദീകരണം തേടിയശേഷം രണ്ടുദിവസത്തിനകം മറുപടി നൽകാമെന്നു പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു. തുടർന്നു കേസ് 13ലേക്കു മാറ്റി. 

കേരള കാത്തലിക് ചർച്ച് റിഫർമേഷൻ മൂവ്മെന്റ്, മലയാളവേദി പ്രസിഡന്റ് ജോർജ് വട്ടുകുളം എന്നിവർ നൽകിയ ഹർജികളാണു ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. അന്വേഷണത്തിനു കോടതി നിരീക്ഷണം ഏർ‍പ്പെടുത്തണമെന്നും ഇരയ്ക്കു സംരക്ഷണം നൽകണമെന്നും ഇരു ഹർജികളിലും ആവശ്യമുണ്ട്.

ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നു നേരത്തേ ഹർജി വന്നപ്പോൾ, അക്കാര്യം തീരുമാനിക്കേണ്ടത് അന്വേഷകരാണെന്നു പറഞ്ഞ് ഓഗസ്റ്റ് 13നു സിംഗിൾ ജഡ്ജി തീർപ്പാക്കിയിരുന്നു. ബിഷപ് എന്ന നിലയിലുള്ള മേധാവിത്വം ദുരുപയോഗിച്ച്, 2014 മേയ് ആറിനും 2016 സെപ്റ്റംബർ 23നും ഇടയിൽ പലവട്ടം കന്യാസ്ത്രീയെ അനുമതിയില്ലാതെ ബലം പ്രയോഗിച്ചു പീഡിപ്പിച്ചതിനു തെളിവുണ്ടെന്ന് ആ ഹർജിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകിയിരുന്നു. അതിനുശേഷവും തുടർനടപടി ഉണ്ടായില്ലെന്നു ഹർജിഭാഗം ശ്രദ്ധയിൽപ്പെടുത്തി. 

കന്യാസ്ത്രീയുടെ സ്കൂട്ടർ കേടാക്കി അപായപ്പെടുത്താൻ ശ്രമമുണ്ടെന്നു പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ലെന്നു ഹർജിഭാഗം അറിയിച്ചു. കന്യാസ്ത്രീ ഭീതിയിലാണ്. അപായപ്പെടുത്തുമെന്ന് ആശങ്കയുണ്ട്. 

എംഎൽഎ അധിക്ഷേപിച്ചെന്നും ഹർജിഭാഗം പരാതിപ്പെട്ടു.