ബിഷപ് കേസ്: പൊലീസും സർക്കാരും വീഴ്ച വരുത്തിയെന്ന് ജോർജ് കുര്യൻ

ന്യൂഡൽഹി ∙ ജലന്തർ ബിഷപ്പിനെതിരായ പരാതി അന്വേഷിക്കുന്നതിൽ സംസ്ഥാന സർക്കാരും പൊലീസും ഗുരുതര പിഴവു വരുത്തിയെന്നു ദേശീയ ന്യൂനപക്ഷ കമ്മിഷൻ ഉപാധ്യക്ഷൻ ജോർജ് കുര്യൻ. ആൾദൈവങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയാണ് ബിഷപ്പിന്റെ കാര്യത്തിലും സംഭവിച്ചത്. ബിഷപ്പിനു ഭരണകൂടത്തിലുള്ളവരും പൊലീസും തെറ്റായ മാർഗനിർദേശങ്ങൾ നൽകിയതാണ് പ്രശ്നം. പരാതി കിട്ടിയ ഉടൻ കുറ്റാരോപിതനെ ചോദ്യംചെയ്യണമായിരുന്നു. പരാതിക്കാരിയായ കന്യാസ്ത്രീക്കു പൂർണനീതിയും കുറ്റാരോപിതനു പൂർണനീതിയും ലഭിക്കണമെന്നും ജോർജ് കുര്യൻ പറഞ്ഞു.

ന്യൂനപക്ഷ കമ്മിഷൻ കേസെടുത്തു

തിരുവനന്തപുരം ∙ ജലന്തർ ബിഷപ്പിനെതിരായ പീഡനക്കേസ് ഡിജിപിയും കൊച്ചി റേഞ്ച് ഐജിയും അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന ആരോപണങ്ങളുടെ  അടിസ്ഥാനത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ സ്വമേധയാ കേസെടുത്തു. പൊലീസ് മേധാവിയോടും റേഞ്ച് ഐജിയോടും റിപ്പോർട്ടുകൾ നൽകാനും കമ്മിഷൻ ചെയർമാൻ പി.കെ.ഹനീഫ ഉത്തരവായി.