ജലന്തർ ബിഷപ് ചോദ്യംചെയ്യലിന് എത്താൻ നാളെ നോട്ടിസ് നൽകും

കോട്ടയം ∙ ജലന്തർ ബിഷപ് ‍ഡോ.ഫ്രാങ്കോ മുളയ്ക്കലിനോട് ഒരാഴ്ചയ്ക്കകം ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം നാളെ നോട്ടിസ് നൽകും. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ ഹൈടെക് സെല്ലിൽ ചോദ്യംചെയ്യുമെന്നാണു പൊലീസ് നൽകുന്ന സൂചന.

കന്യാസ്ത്രീ നൽകിയ പരാതിയിൽ, ബിഷപ്പിനെ ചോദ്യംചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ നിശ്ചയിക്കാൻ പൊലീസ് സംഘം ഇന്നു യോഗം ചേരും. ഐജി വിജയ് സാക്കറെ, ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ, കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് എന്നിവർ പങ്കെടുക്കും. ഇതുവരെയുള്ള തെളിവുകൾ വിലയിരുത്തുന്ന സംഘം തുടർനടപടിയെപ്പറ്റി സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശം തേടും.

അതേസമയം, പി.സി.ജോർജ് എംഎൽഎ കന്യാസ്ത്രീയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പരസ്യപ്രസ്താവന നടത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം മുന്നോട്ടുനീങ്ങിയില്ല. കടുത്തുരുത്തി സിഐ ജയൻ ഇന്നലെ കന്യാസ്ത്രീയുടെ മൊഴി എടുക്കാൻ നാടുകുന്ന് കോൺവന്റിൽ എത്തിയിരുന്നു. ജോർജിനെതിരെ പരാതിയുണ്ടെങ്കിലും ഇപ്പോൾ മൊഴി നൽകാൻ കഴിയില്ലെന്നു കന്യാസ്ത്രീ അറിയിച്ചു.