Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓൺലെൻ മരുന്നു വ്യാപാരം: നിർദേശങ്ങൾ അവഗണിച്ചു കേന്ദ്രം

Drugs

കൊച്ചി ∙ ഓൺലൈൻ മരുന്നു വ്യാപാരം നിയന്ത്രിക്കുന്നതിനു കേന്ദ്ര സർക്കാർ കൊണ്ടു വരുന്ന നിയമഭേദഗതിയുടെ കരട് വിജ്ഞാപനത്തിൽ കേരളത്തിന്റെ നിർദേശങ്ങൾ പാടേ അവഗണിച്ചു. ഇൻസുലി‍ൻ ഉൾപ്പെടെയുള്ള വാക്സിനുകൾ, കുറഞ്ഞ താപനിലയിൽ സൂക്ഷിക്കേണ്ട മരുന്നുകൾ, ക്ഷയരോഗത്തിനുള്ള മരുന്നുകൾ എന്നിവ ഇ–ഫാർമസി വഴി നൽകരുതെന്ന കേരളത്തിന്റെ ശുപാർശ പൂർണമായും തള്ളി.

ഗർഭഛിദ്രത്തിനുള്ള മരുന്നുകളും ലൈംഗിക ഉത്തേജകങ്ങളും ഓൺലൈനിൽ ലഭ്യമാക്കുന്നതു ദോഷം ചെയ്യുമെന്നു കേരളം ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും അതും പരിഗണിച്ചില്ല. ഓൺലൈൻ മരുന്നുവിൽപനയുടെ ദോഷഫലങ്ങൾ വ്യക്തമാക്കി ഡ്രഗ്സ് കൺട്രോളർ ജനറലിനു വീണ്ടും കത്തയയ്ക്കാൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളർ തീരുമാനിച്ചു. മയക്കുമരുന്നുകൾ, ലഹരി കലർന്ന മരുന്നുകൾ, മനഃക്ഷോഭത്തിനുള്ള മരുന്നുകൾ, 1945 ഷെഡ്യൂൾ ‘എക്സി’ൽ പെടുന്ന ആന്റിബയോട്ടിക്കുകൾ എന്നിവ വിൽക്കുന്നതിനു മാത്രമേ ഓഗസ്റ്റ് 28നു പുറപ്പെടുവിച്ച കരട് ഭേദഗതിയിൽ വിലക്കുള്ളൂ. നിർദേശങ്ങൾ അറിയിക്കാൻ 45 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

കേരളത്തിന്റെ വാദങ്ങൾ
∙ക്ഷയരോഗത്തിനുള്ള മരുന്നുകൾ ഓൺലൈൻ വഴി നൽകിയാൽ സർക്കാരിന്റെ ക്ഷയരോഗ നിർമാർജനയജ്ഞം അട്ടിമറിക്കപ്പെടും. മരുന്നുകൾ രഹസ്യമായി ലഭ്യമാവുമ്പോൾ ആരോഗ്യ പ്രവർത്തകർക്കു രോഗികളെ കണ്ടെത്താനും തുടർചികിൽസ ലഭ്യമാക്കാനും സാധിക്കില്ല.
∙കുറഞ്ഞ താപനിലയിൽ സൂക്ഷിക്കേണ്ട മരുന്നുകൾ ഓൺലൈൻ വഴി അയയ്ക്കുമ്പോൾ താപനില സംരക്ഷിക്കാൻ കഴി‍യില്ല. മരുന്നിന്റെ ഗുണനിലവാരം നഷ്ടപ്പെടും. ദൂഷ്യഫലങ്ങൾ ഉണ്ടാവും.
∙ഗർഭഛിദ്ര, ലൈംഗിക ഉത്തേജക മരുന്നുകൾ വീട്ടുപടിക്കൽ ലഭ്യമാവുന്നതു സമൂഹത്തിൽ ദൂഷ്യഫലങ്ങൾ സൃഷ്ടിക്കും.
∙ഒരേ കുറിപ്പടിയിൽ ഒന്നിലേറെ തവണ മരുന്നു വാങ്ങാം എന്ന വ്യവസ്ഥയ്ക്കു പകരം കുറിപ്പടിക്കു കാലാവധി നിശ്ചയിക്കണം. ഡോക്ടർമാരുടെ കുറിപ്പടികൾ ദുരുപയോഗം ചെയ്യാൻ ഇടയാവും.

related stories