ബിഷപ്പിന്റെ അറസ്റ്റിനായി സമരം: പിന്തുണയുമായി കൂടുതൽ പേർ

ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകരുത് എന്നാവശ്യപ്പെട്ട് കൊച്ചിയിൽ നടക്കുന്ന ഉപവാസത്തിൽ പങ്കെടുക്കുന്ന കന്യാസ്ത്രീകൾ.

കൊച്ചി ∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് െചയ്യണമെന്നാവശ്യപ്പെട്ട് സേവ് ഔവർ സിസ്റ്റേഴ്സ് ആക്‌ഷൻ കൗൺസിൽ നടത്തുന്ന സമരത്തിനു പിന്തുണയുമായി കൂടുതൽ പേർ രംഗത്തെത്തി. സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ട വ്യക്തികളും സംഘടനകളും ഹൈക്കോടതി ജംക്‌ഷനിലെ സമരപ്പന്തലിലെത്തി ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ആക്‌ഷൻ കൗൺസിൽ ഭാരവാഹിയായ സ്റ്റീഫൻ മാത്യു നിരാഹാരസമരം തുടർന്നു. കുറവിലങ്ങാട് മഠത്തിൽ നിന്നുള്ള സന്യാസിനിമാരായ അനുപമ, ജോസഫൈൻ, നീന റോസ്, ആൽഫി എന്നിവരും ഇന്നലെ സത്യഗ്രഹത്തിൽ പങ്കെടുത്തു.

ആക്‌ഷൻ കൗൺസിൽ കൺവീനർ ഫാ. അഗസ്റ്റിൻ വട്ടോളി അധ്യക്ഷത വഹിച്ചു. ഗാന്ധിയൻമാരായ തായാട്ട് ബാലൻ, പ്രഫ. എം.പി. മത്തായി, ആർഎംപി നേതാക്കളായ എൻ. വേണു, കെ.എസ്. ഹരിഹരൻ, കവി ബാലചന്ദ്രൻ ചുള്ളിക്കാട്, വി.സി. കബീർ, കെ.എ. ചന്ദ്രൻ, നടൻ സന്തോഷ് കീഴാറ്റൂർ, യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി ഇ.എം. സതീശൻ, ഒബിസി മോർച്ച സംസ്ഥാന പ്രസിഡന്റ് പി. സുരേന്ദ്രൻ, ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ പ്രസിഡന്റ് ഡോ. രാജീവ് രാജധാനി, മഹിളാവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജയകുമാരി, കെ.എൻ. രാമചന്ദ്രൻ, കേരള സംസ്ഥാന ജനകീയപ്രതിരോധ സമിതി സംസ്ഥാന പ്രസിഡന്റ് പ്രഫ. കെ. അരവിന്ദാക്ഷൻ, സ്ത്രീസുരക്ഷാ സമിതി സംസ്ഥാന പ്രസിഡന്റ് ഡോ. വിൻസന്റ് മാളിയേക്കൽ, എസ്‌യുസിഐ നേതാവ് എസ്. രാജീവൻ, അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടനാ സംസ്ഥാന പ്രസിഡന്റ് മിനി കെ. ഫിലിപ്, ഓൾ ഇന്ത്യ‌ ഡെമോക്രാറ്റിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് എൻ.കെ. ബിജു, ശിവസേന ജില്ലാ പ്രമുഖ് സജി തിരുത്തിക്കുന്നേൽ, വനിതാ അഭിഭാഷകരുടെ സംഘടനയായ ആരക്ഷയുടെ സെക്രട്ടറി ഒ.എം. ശാല‌ീന തുടങ്ങിയവർ പ്രസംഗിച്ചു.

യുവകലാസാഹിതി, കേരള സംസ്ഥാന ജനകീയ പ്രതിരോധസമിതി, സ്വരാജ് അഭിയാൻ, ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ, സോഷ്യൽ ജസ്റ്റിസ് വിജിലൻസ് ഫോറം, സ്ത്രീ സുരക്ഷാസമിതി, എഐഡിവൈഒ, മഹിളാ സാംസ്‌കാരിക സംഘടന തുടങ്ങിയവയും ഐക്യദാർഢ്യവുമായെത്തി. സമരത്തിനു പിന്തുണയുമായി ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ മുഖ്യരക്ഷാധികാരി മേജർ രവിയുടെ നേതൃത്വത്തിൽ സമരപ്പന്തൽ സന്ദർശിച്ചു.

കണ്ണൂരിൽനിന്നു സാംസ്കാരിക പ്രവർത്തകർ ഇന്നു സമരപ്പന്തലിലെത്തും. രാവിലെ ട്രെയിനിൽ കണ്ണൂരിൽനിന്ന് ഐക്യദാർഢ്യ യാത്ര ആരംഭിക്കും. കൽപറ്റ നാരായണൻ, ഹമീദ്‌ ചേന്ദമംഗലൂർ, എം.എം. സോമശേഖരൻ, അപ്പുക്കുട്ടൻ വള്ളിക്കുന്ന്, എൻ. ശശിധരൻ, ഡോ. പി. ഗീത, പ്രഫ. വി. വിജയകുമാർ, ആലങ്കോട് ലീലാകൃഷണൻ തുടങ്ങിയവർ സംഘത്തിലുണ്ടാകും.

ഷാജി എൻ. കരുൺ, എം.എൻ. കാരശേരി തുടങ്ങിയവരും സമരത്തിനു പിന്തുണ അറിയിച്ചു. സ്ത്രീകളുടെ സുരക്ഷയും അവകാശവും ചോദ്യംചെയ്യപ്പെടാൻ പാടില്ലെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു. ‘‘പൊലീസിനു രാഷ്ട്രീയമുണ്ടോയെന്നും വോട്ട് ബാങ്ക് ഉണ്ടോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. സമാനമായ കേസുകളിൽ ഉഷാറായി അന്വേഷണം നടത്തിയ പൊലീസിന് ഇപ്പോൾ എന്തു സംഭവിച്ചു’’– അദ്ദേഹം ചോദിച്ചു.