Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല തീർഥാടന കാലത്ത് ഇലക്ട്രിക് ബസ് ഇല്ല

തിരുവനന്തപുരം ∙ ശബരിമല തീർഥാടനകാലത്ത് ഇലക്ട്രിക് ബസ് വാടകയ്‌ക്കെടുക്കാൻ അനുമതി നൽകണമെന്ന കെഎസ്ആർടിസിയുടെ അഭ്യർഥന സർക്കാർ നിരസിച്ചു. കേന്ദ്രസർക്കാർ ഇലക്ട്രിക് ബസുകൾക്കുള്ള സബ്സിഡി പുനരാരംഭിച്ചതിനു ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നാണു ധനവകുപ്പിന്റെ നിലപാട്.

ചൈനീസ് കമ്പനിയായ ബിവൈഡിയുടെ ഇലക്ട്രിക് ബസിന്റെ പരീക്ഷണ ഓട്ടം കെഎസ്ആർടിസി പൂർത്തീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പദ്ധതി സമർപ്പിച്ചത്. ബസ് വാടകയ്ക്ക് എടുക്കണമെങ്കിൽ ഡയറക്ടർ ബോർഡിന്റെയും സർക്കാരിന്റെയും അനുമതി ആവശ്യമാണ്. നയപരമായ കാര്യമായതിനാൽ ഭരണസമിതിയും പദ്ധതി സർക്കാരിന്റെ പരിഗണനയ്ക്ക് അയയ്ക്കുകയായിരുന്നു.

കേന്ദ്ര സർക്കാർ ഇലക്ട്രിക് ബസിനുള്ള സബ്സിഡി നിർത്തിയതിനാൽ കെഎസ്‌ആർടിസിയുടെ ശുപാർശ ധനമന്ത്രിയും ധനവകുപ്പ് സെക്രട്ടറിയും നിരസിക്കുകയായിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും പെടുത്തിയിരുന്നു. തൽക്കാലം ഇലക്ട്രിക് ബസ് വാടകയ്ക്ക് എടുക്കേണ്ടതില്ലെന്ന നിർദേശമാണ് മുഖ്യമന്ത്രിയും നൽകിയത്.

10 ബസുകളാണ് ആദ്യഘട്ടത്തിൽ ഓടിക്കാൻ പദ്ധതിയിട്ടത്. പരിസ്ഥിതി ലോല പ്രദേശങ്ങളിൽ മലിനീകരണം കുറഞ്ഞ വാഹനങ്ങൾ ഉപയോഗിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇലക്ട്രിക് ബസുകൾ പരിഗണിച്ചത്. ശബരിമല തീർഥാടനകാലത്ത് 250 ബസുകൾ വേണ്ടിവരും.

related stories