Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭരണസ്തംഭനമില്ല: മുഖ്യമന്ത്രിയുടെ ഓഫിസ്

തിരുവനന്തപുരം∙ അമേരിക്കയിലേക്കു പോയ ശേഷം കഴിഞ്ഞ മൂന്നുമുതൽ ഒൻപതു വരെ 316 ഫയലുകളിൽ മുഖ്യമന്ത്രി തീർപ്പു കൽപിച്ചു. ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ചു ഫയൽ നോക്കുന്നതിനുളള എല്ലാ ഏർപ്പാടും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി ചികിത്സയ്ക്കു പോയതിനാൽ ഭരണം സ്തംഭിച്ചുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

പുനരധിവാസ, പുനർനിർമാണ പ്രവർത്തനങ്ങൾക്കു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മന്ത്രിസഭായോഗം രൂപം നൽകിയിരുന്നു. ഇതനുസരിച്ചുള്ള നടപടികൾ മുന്നോട്ടുപോകുകയാണ്. സ്ഥലത്തില്ലെങ്കിലും മുഖ്യമന്ത്രി തന്നെ തീരുമാനം എടുക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. മന്ത്രിമാരുമായും പ്രധാന ഉദ്യോഗസ്ഥരുമായും അദ്ദേഹം ആശയവിനിമയം നടത്തുന്നുണ്ട്. ഭരണകാര്യങ്ങൾ നിർവഹിക്കുന്നതിന് ഒരു തടസ്സവും ഉണ്ടായിട്ടില്ല.

പ്രളയദുരിതാശ്വാസം, പുനരധിവാസം എന്നീ കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനു മന്ത്രിസഭാ ഉപസമിതി നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു. കഴിഞ്ഞ ആഴ്ച സമിതി യോഗം ചേർന്നു. ഇന്നും ചേരുന്നുണ്ട്.10,000 രൂപ ധനസഹായത്തിന് അർഹരായ 6,05,555 പേരിൽ 4,95,000 പേർക്ക് ഇന്നലെ ഉച്ചയോടെ നൽ‍കി. ശേഷിക്കുന്നവർക്ക് ഇന്നു ലഭിക്കും. 7,18,674 കുടുംബങ്ങൾക്കു കിറ്റ് നൽകി. മുഖ്യമന്ത്രി സ്ഥലത്തില്ലെങ്കിലും മന്ത്രിമാർ കൂട്ടായി പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നു.

ജില്ലകളിൽ വിഭവസമാഹരണത്തിന്റെ ചുമതലയിലാണു മന്ത്രിമാർ. മന്ത്രിസഭാ ഉപസമിതിയിൽ അംഗങ്ങളല്ലാത്ത മന്ത്രിമാർ ഇന്നും വിവിധ ജില്ലകളിൽ ഈ ചുമതല നിർവഹിക്കും. വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെ ദുരിതാശ്വാസ നിധിയിലേക്കു വരുന്ന സംഭാവനകൾ സ്വീകരിക്കാനുള്ള ക്രമീകരണം മുഖ്യമന്ത്രിയുടെ ഓഫിസിൽ ഉണ്ട്. ലോകബാങ്ക്- എഡിബി സംഘം നാശനഷ്ടം വിലയിരുത്തുകയാണ്. രണ്ടു മൂന്നു ദിവസത്തിനകം പൂർത്തിയാകും. അതിനു ശേഷമാണു സംസ്ഥാനത്തിനുളള സഹായം സംബന്ധിച്ചു തീരുമാനിക്കുക.

20ന് അകം ലോകബാങ്ക്- എഡിബി സംഘം സർക്കാരിനു റിപ്പോർട്ട് നൽകുമെന്നു പ്രതീക്ഷിക്കുന്നു. എല്ലാ കാര്യങ്ങളും തടസ്സമില്ലാതെ സർക്കാർ നിർവഹിച്ചുവരുന്നുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

related stories