കാലാവസ്ഥാവ്യതിയാനം: കേരളത്തിലെ പ്രളയം വീണ്ടും ഉദാഹരണമാക്കി യുഎൻ

ന്യൂയോർക്ക്∙ കാലാവസ്ഥാ വ്യതിയാനത്തിന് ഉദാഹരണമായി വീണ്ടും കേരളത്തിലെ പ്രളയം ചൂണ്ടിക്കാണിച്ചു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. ഒരു മാസത്തിനിടെ ഇതു രണ്ടാം തവണയാണു ഗുട്ടറസിന്റെ പ്രസംഗത്തിൽ കേരളം കടന്നുവരുന്നത്. കാലാവസ്ഥാ വ്യതിയാനം പിടിച്ചുനിർത്താനുള്ള നടപടികളെക്കുറിച്ച്, യുഎൻ ആസ്ഥാനത്തു നടത്തിയ സുപ്രധാന പ്രഭാഷണത്തിലാണു കേരളത്തിലുണ്ടായ അസാധാരണപ്രളയം വിഷയമായത്.

‘ഇന്ത്യയിലെ കേരളത്തിൽ കഴിഞ്ഞ മാസത്തെ കാലവർഷം പ്രളയദുരന്തത്തിലാണു കലാശിച്ചത്. കേരളത്തിന്റെ സമീപകാലചരിത്രത്തിലില്ലാത്ത ‌ആ പ്രളയക്കെടുതിയിൽ 400 പേർ മരിക്കുകയും പത്തു ലക്ഷത്തോളം പേർക്കു വീടുപേക്ഷിക്കേണ്ടിവരികയും ചെയ്തു’– ഗുട്ടറസ് പറഞ്ഞു. ഇനിയും നടപടികൾക്കു മുതിരുന്നില്ലെങ്കിൽ, ഒരിക്കലും തിരിച്ചുവരാനാകാത്തവിധം ലോകം കാലാവസ്ഥാവ്യതിയാനത്തിന്റെ വൻപ്രതിസന്ധികളിലേക്കു നീങ്ങുമെന്നും മുന്നറിയിപ്പു നൽകി. ‘ഒരു വലിയ ഗർത്തത്തിന്റെ അരികുചേർന്നാണു നമ്മുടെ പോക്ക്. നടപടിയെടുക്കാൻ ഇനിയും വൈകിക്കൂടാ’– അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അഞ്ചിന്, ന്യൂ ക്ലൈമറ്റ് ഇക്കോണമി റിപ്പോർട്ടിന്റെ പ്രകാശനച്ചടങ്ങിലാണ് കേരളത്തിലെ പ്രളയത്തെക്കുറിച്ചു യുഎൻ സെക്രട്ടറി ജനറൽ ആദ്യമായി പറഞ്ഞത്. അടുത്ത വർഷം സെപ്റ്റംബറി‍ൽ കാലാവസ്ഥാ ഉച്ചകോടി നടത്തുമെന്നും ഗുട്ടറസ് പറഞ്ഞു.