Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെപിഎംജി അവസാന വാക്കല്ല; രാഷ്ട്രീയ, വിദഗ്ധ വേദികളിൽ പരിശോധനയ്ക്കുശേഷം അന്തിമ തീരുമാനം

തിരുവനന്തപുരം∙ കേരളത്തിന്റെ പുനർനിർമാണത്തിനായി രാജ്യാന്തര ഏജൻസിയായ കെപിഎംജി നൽകുന്ന നിർദേശങ്ങൾ അതേപടി സർക്കാർ നടപ്പാക്കില്ല. 

കെപിഎംജിയുടെ സേവനത്തെക്കുറിച്ചു സിപിഎമ്മിലും ഇടതുമുന്നണിയിലും ഉൾപ്പെടെ ചില കേന്ദ്രങ്ങൾ സംശയങ്ങൾ ഉന്നയിച്ചതിനെത്തുടർന്നാണു സർക്കാർ കേന്ദ്രങ്ങൾ ഇക്കാര്യം ബന്ധപ്പെട്ടവരോടു വ്യക്തമാക്കിയത്. 

കെപിഎംജിയുടെ റിപ്പോർട്ട് സിപിഎമ്മും മന്ത്രിസഭയും പരിശോധിക്കും. ആവശ്യമെങ്കിൽ ഇടതുമുന്നണിയിൽ വയ്ക്കും. തുടർന്നു വിദഗ്ധരുടെ പരിശോധനയ്ക്കു വിടും. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലുള്ള റിപ്പോർട്ടാകും അന്തിമമായി അംഗീകരിക്കുക. കെപിഎംജിയുടെ പ്രാഥമിക റിപ്പോർട്ട് ഒക്ടോബറിൽ ലഭിച്ചേക്കുമെന്നാണു വിവരം. ഇതിനു സമീപനരേഖയുടെ സ്വഭാവമായിരിക്കും.

ലോക ബാങ്ക് ഉൾപ്പെടെ ഏജൻസികളുടെ സഹായം ലഭിക്കുന്നതിനു കെപിഎംജി പോലെ ഈ മേഖലയിലെ വിദഗ്ധരുടെ റിപ്പോർട്ട് അനിവാര്യമാണെന്നാണു സർക്കാർ നിലപാട്. നിലവിൽ അവർ സൗജന്യ സേവനമാണു വാഗ്ദാനം ചെയ്തിരിക്കുന്നതും. 

എന്നാൽ നെതർലൻഡ്സ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഈ സംഘടനയുടെ ചില പ്രവർത്തനങ്ങൾ ചില രാജ്യങ്ങളിൽ വിവാദമായതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. സിപിഎമ്മിൽ വി.എസ്.അച്യുതാനന്ദൻ ആശങ്ക അറിയിച്ചു. 

കേന്ദ്ര നേതൃത്വവും കെപിഎംജിയുടെ ഇടപെടലിനെക്കുറിച്ചു വിവരങ്ങൾ തേടി. ഈ സാഹചര്യത്തിലാണു കെപിഎംജി അവസാന വാക്കല്ലെന്നു വ്യക്തമാക്കുന്നത്. അതേസമയം അവർക്ക് ഈ മേഖലയിലുള്ള പ്രാഗൽഭ്യത്തിൽ സർക്കാരിനു രണ്ടഭിപ്രായവുമില്ല.