വത്തിക്കാൻ ഇടപെടണമെന്ന് കന്യാസ്ത്രീയുടെ കത്ത്

ന്യൂഡൽഹി ∙ ജലന്തർ ബിഷപ്പിനെതിരായ പരാതിയിൽ നീതി കിട്ടാൻ വത്തിക്കാന്റെ ഇടപെടൽ ആവശ്യപ്പെട്ടു കന്യാസ്ത്രീയുടെ ഏഴുപേജ് കത്ത്. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ജാംബത്തിസ്ത ദിക്വാത്രോയ്ക്കാണു പരാതിക്കാരിയായ കന്യാസ്ത്രീ കത്തെഴുതിയത്. 

പരാതി പിൻവലിക്കുന്നതിനു 10 ഏക്കർ സ്ഥലവും കാഞ്ഞിരപ്പള്ളിയിൽ കോൺവന്റും വൈദികൻ മുഖേന വാഗ്ദാനം ചെയ്തുവെന്ന ആരോപണങ്ങളും കത്തിലുണ്ട്. പണവും അധികാരവും ഉപയോഗിച്ചു തനിക്കെതിരായ പരാതി അട്ടിമറിക്കാൻ ബിഷപ് ശ്രമിച്ചു. അധികാരമുള്ള ഒരുപാടുപേരുടെ സമ്മർദങ്ങൾക്കിടയിൽ കേസ് പൊലീസ് ശരിയാംവണ്ണം അന്വേഷിക്കുന്നില്ല. കർദിനാൾ മാ‌ർ ജോർജ് ആലഞ്ചേരിയെ അടക്കം നേരിട്ടു കണ്ടു കാര്യങ്ങൾ ബോധ്യപ്പെടുത്തിയിരുന്നു. പരാതിയിൽ സഭാ അധികൃതർ നിഷ്ക്രിയത്വം കാട്ടിയെന്നും ആരോപണമുണ്ട്. 

സഭ ബിഷപ്പുമാരെയും വൈദികരെയും കുറിച്ചു മാത്രമേ ചിന്തിക്കുന്നുള്ളൂവെന്നും കന്യാസ്ത്രീകൾക്കും സ്ത്രീകൾക്കും നീതി ലഭ്യമാക്കാൻ കാനോനിക നിയമത്തിൽ എന്തെങ്കിലും വ്യവസ്ഥകളുണ്ടോയെന്നും കന്യാസ്ത്രീ ചോദിക്കുന്നു. സഭ ഇക്കാര്യത്തിൽ വിഭാഗീയത കാട്ടുന്നതിന്റെ ഉദാഹരണങ്ങളും കത്തിലുണ്ട്. ബിഷപ്പിനെതിരായ പരാതി വ്യക്തമാക്കി നേരത്തെ ദിക്വാത്രോയ്ക്കു നൽകിയ കത്തിനു മറുപടിയുണ്ടായില്ലെന്നും പരാതിയുണ്ട്. 

വ്യാജതെളിവുകളുണ്ടാക്കി ബന്ധുക്കൾ വഴിയും മറ്റും തനിക്കെതിരെ പരാതികൊടുക്കാനാണു ബിഷപ് ശ്രമിക്കുന്നത്. തുടക്കം മുതൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ, പരാതിപ്പെട്ടശേഷം നേരിട്ട മാനസിക സംഘർഷം എന്നിവയെക്കുറിച്ചെല്ലാം കത്തിൽ വിശദമാക്കിയിട്ടുണ്ട്. നിശ്ശബ്ദത പാലിക്കുകയും കുറ്റം ചെയ്തയാളെ സംരക്ഷിക്കുകയും ചെയ്യുന്ന സഭാധികൃതരുടെ നടപടി സമൂഹത്തിനു മുന്നിൽ സഭയുടെ വിശ്വാസ്യത തകർക്കുമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. 

ഗൂഢാലോചനാ വാദം കന്യാസ്ത്രീകൾ നിഷേധിച്ചു

കൊച്ചി ∙ കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിനു പിറകിൽ ഗൂഢാലോചനയുണ്ടെന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ പ്രസ്താവന സമരത്തിനിറങ്ങിയ കന്യാസ്ത്രീകൾ നിഷേധിച്ചു.‘‘നീതിക്കു വേണ്ടിയാണു സമരത്തിനിറങ്ങിയത്. പീഡനത്തിനിരയായ കന്യാസ്ത്രീയെ അധിക്ഷേപിക്കുന്നതു തെറ്റാണ്. ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ അന്വേഷണവുമായി സഹകരിക്കുന്നതായി തോന്നുന്നില്ല. സഹകരിക്കുകയാണെങ്കിൽ നല്ലത്’’– അവർ പറഞ്ഞു.

കുറവിലങ്ങാട് മഠത്തിൽനിന്നുള്ള സന്യാസിനിമാരായ അനുപമ, ജോസഫൈൻ, നീന റോസ്, ആൽഫി എന്നിവരാണു സമരപ്പന്തലിലുണ്ടായിരുന്നത്.