ഒരു മാസ ശമ്പളം: സർക്കാർ ഉത്തരവ് നടപ്പാക്കുന്നതിനു തടസ്സം

തിരുവനന്തപുരം∙ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു മാറ്റുമെന്ന സർക്കാർ ഉത്തരവ് അതേപടി നടപ്പാക്കുന്നതിനു തടസ്സം. ഉത്തരവനുസരിച്ച്, ഒരു മാസത്തെ ആകെ ശമ്പളം (ഗ്രോസ് സാലറി) ഒരുമിച്ചു നൽകാൻ ജീവനക്കാർ സന്നദ്ധരായാലും അതു വാങ്ങാൻ സർക്കാരിനു കഴിയില്ല.

പ്രതിമാസം ശമ്പളത്തിൽനിന്നു പിടിക്കുന്ന ഇൻഷുറൻസ് തവണകളും മറ്റും കുറവുചെയ്യേണ്ടി വരുന്നതാണു കാരണം. പിഎഫ് വിഹിതം പിടിക്കുന്നത് അടുത്ത മാസത്തേക്കു മാറ്റിവയ്ക്കാമെങ്കിലും ഇൻഷുറൻസ് പ്രീമിയം തുകയും ഇത്തരത്തിലുള്ള മറ്റു തവണകളും ശമ്പളത്തിൽനിന്നു കുറവുചെയ്തേ പറ്റൂ. ബാക്കി ശമ്പളം മാത്രമേ ദുരിതാശ്വാസ നിധിയിലേക്കു മാറ്റാൻ കഴിയൂ. 10 മാസത്തവണകളായി ഒരു മാസത്തെ ശമ്പളം വാങ്ങുകയാണു പ്രായോഗികമെന്നു ജീവനക്കാർ തന്നെ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തെ അഞ്ചേ മുക്കാൽ ലക്ഷത്തോളം സർക്കാർ ജീവനക്കാരിൽ, ഗസറ്റഡ് തസ്തികയിലുള്ള അര ലക്ഷത്തോളം പേർ‌ ഒഴികെയുള്ളവർക്കു സർക്കാർ തീരുമാനം തിരിച്ചടിയാകും. വായ്പാ തിരിച്ചടവും മറ്റും കഴിഞ്ഞു ബാക്കി കിട്ടുന്ന തുക വീട്ടുചെലവുകൾക്കു വേണമെന്നിരിക്കെ ആകെ ശമ്പളം പിടിക്കാനുള്ള തീരുമാനം വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ഭരണപക്ഷ അനുകൂല സംഘടനയിൽപെട്ടവർ പോലും രഹസ്യമായി തീരുമാനത്തെ വിമർശിക്കുന്നു. സ്ഥലംമാറ്റം അടക്കമുള്ള നടപടികൾ ഭയന്ന് ആരും പുറത്തുമിണ്ടുന്നില്ല. ഒരു മാസത്തെ അടിസ്ഥാന ശമ്പളം മാത്രം സർക്കാർ ആവശ്യപ്പെടുമെന്നാ​​‌ണു ജീവനക്കാർ കരുതിയിരുന്നത്. എന്നാൽ, ആകെ ശമ്പളം ആവശ്യപ്പെട്ടതോടെ കയ്യിൽ കിട്ടുന്നതിനെക്കാൾ തുക സംഭാവനയായി നൽകേണ്ട അവസ്ഥയായി.

ഇതു തവണകളായി നൽകിയാൽ മതിയെന്നതാണ് ആശ്വാസം. അതേസമയം, പെൻഷൻകാർ ഒരു മാസത്തെ വരുമാനം നൽകണമെന്നു സർക്കാർ വാശിപിടിക്കുന്നില്ല. ഒരു മാസത്തെ പെൻഷൻ നൽകാൻ താൽപര്യമുള്ളവർ ട്രഷറിയെ അറിയിച്ചാൽ തുക സർക്കാർ ഏറ്റെടുക്കും. മറ്റുള്ളവർക്കു പതിവുപോലെ പെൻഷൻ ലഭിക്കും.

എതിർപ്പു കടുത്താൽ ശമ്പളപരിഷ്കരണത്തിൽ പിടി വീഴാം

പ്രതിമാസം 2500 കോടി രൂപ ശമ്പളത്തിനു മാത്രമായി ചെലവിടുന്ന സർക്കാരിനു വലിയൊരു ദുരിതം നേരിടാനായി ജീവനക്കാർ ഒരു മാസത്തെ ശമ്പളം നൽകുന്നതിൽ അപാകതയില്ലെന്നു സാമ്പത്തിക വിദഗ്ധർക്കിടയിൽ അഭിപ്രായം. 10 വർഷത്തിലൊരിക്കൽ മതി ശമ്പളപരിഷ്കരണമെന്ന നിർദേശം പലവട്ടം ഉയർന്നിട്ടുണ്ടെങ്കിലും അഞ്ചു വർഷത്തിലൊരിക്കൽ കമ്മിഷനുകളെ നിയോഗിച്ചു ഗവ. ജീവനക്കാർക്കു ശമ്പളം ഉയർത്തി നൽകുന്നുണ്ട്.

നികുതി വരുമാനത്തെക്കാൾ കൂടുതൽ തുക ശമ്പളത്തിനും പെൻഷനുമായി സർക്കാർ‌ ചെലവിടുകയും ചെയ്യുന്നു. ജീവനക്കാരുടെ ഭാഗത്തുനിന്ന് ഒരു മാസത്തെ ശമ്പളം നൽകുന്നതിൽ കാര്യമായി എതിർപ്പുണ്ടായാൽ ശമ്പളപരിഷ്കരണം അടക്കമുള്ള വിഷയങ്ങളിൽ പുനരാലോചനയ്ക്കു സർക്കാരിനു പദ്ധതിയുണ്ട്.