മനോരമ കൂടെയുണ്ട് നാട് : ദാഹിച്ചു വലയുന്ന കുട്ടനാടിന് 1.31 ലക്ഷം ലീറ്റർ ശുദ്ധജലം

പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം അയിരൂർ സെന്റ് ആന്റണീസ് പള്ളി ഹാളിൽ നടന്ന മനോരമ മെഡിക്കൽ ക്യാംപിൽ നിന്ന്. ചിത്രം: മനോരമ

മലയാള മനോരമ ‘കൂടെയുണ്ട് നാട്’ പദ്ധതിയുടെ ഭാഗമായി കുട്ടനാട്ടിൽ ഇതുവരെ എത്തിച്ചത് 1.31 ലക്ഷം ലീറ്റർ ശുദ്ധജലം. കൈനകരി, കാവാലം പഞ്ചായത്തുകളിൽ 30,000 ലീറ്റർ വെള്ളമാണ് ഇന്നലെ വിതരണം ചെയ്തത്. ഇന്നു കൈനകരി, നെടുമുടി, തകഴി, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലെ വിവിധയിടങ്ങളിൽ ശുദ്ധജലം എത്തിക്കും.

എറണാകുളം, ആലപ്പുഴ ജില്ലകളിൽ ഇന്നലെ നടത്തിയ മെഡിക്കൽ ക്യാംപുകളിൽ 1,316 പേർ ചികിൽസ തേടി. കൊച്ചി ആസ്റ്റർ മെഡ്സിറ്റി, തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു ക്യാംപുകൾ. ഇതോടെ, വിവിധ പ്രളയ ബാധിത ജില്ലകളിലെ 41 ക്യാംപുകളിലായി ചികിൽസാ സഹായം നേടിയവർ 27,315 ആയി.

ഇന്ന് എറണാകുളം, കോഴിക്കോട്, നാളെ തൃശൂർ, നാളെയും മറ്റന്നാളും കോട്ടയം എന്നിങ്ങനെ ക്യാംപുകൾ തുടരും. കോലഞ്ചേരി എംഒഎസ്‌സി മെഡിക്കൽ കോളജ്, കോട്ടയം കിംസ് ആശുപത്രി, കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി, കേരള ഗവൺമെന്റ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ തൃശൂർ ശാഖ, തിരുവല്ല മെഡിക്കൽ മിഷൻ എന്നിവയുടെ നേതൃത്വത്തിലാണു ക്യാംപുകൾ. സൗജന്യമരുന്നും ആരോഗ്യകിറ്റും വിതരണം ചെയ്യും.