Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഓഖി ഫണ്ടിലേക്കു നൽകിയതു തുച്ഛമായ തുക

Donation

തിരുവനന്തപുരം ∙ പ്രളയദുരന്തത്തിലായ കേരളത്തെ പുനർനിർമിക്കാൻ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം സർക്കാർ ആവശ്യപ്പെടുമ്പോൾ ഉയർന്ന ശമ്പളം വാങ്ങുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥർ നേരത്തെ ഓഖി ദുരിതാശ്വാസ നിധിയിലേക്കു നൽകിയതു തുച്ഛമായ തുക. ഓഖി ചുഴലിക്കാറ്റിൽ ദുരന്തത്തിലായ മത്സ്യത്തൊഴിലാളികളെ സഹായിക്കാൻ സിവിൽ സർവീസുകാർ ഉൾപ്പെടെ സർക്കാർ ജീവനക്കാർ രണ്ടുദിവസത്തെ ശമ്പളം നൽകണമെന്നാണ് അന്നു സർക്കാർ ആവശ്യപ്പെട്ടത്. സർവീസ് സംഘടനകൾ എതിർപ്പ് ഉയർത്തിയപ്പോൾ അവരെ അന്നത്തെ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം ചർച്ചയ്ക്കു വിളിച്ചു.

രണ്ടുദിവസത്തെ ശമ്പളമാണു പ്രതീക്ഷിക്കുന്നതെന്നും താൽപര്യമുള്ള തുക നൽകാമെന്നുമാണു ധാരണയിലെത്തിയത്. തുക ശമ്പളത്തിൽ കുറവു ചെയ്യാമെന്നും തീരുമാനിച്ചു. ജീവനക്കാർ കയ്യയച്ചു സഹായിച്ചപ്പോൾ ഒരു ലക്ഷം രൂപ മുതൽ രണ്ടര ലക്ഷം രൂപവരെ ശമ്പളം വാങ്ങുന്ന ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരിൽ പലരും ന്യായമായ സംഭാവന പോലും നൽ‍കിയില്ല.

കേന്ദ്ര സർവീസിലേക്കു പോയ ഒരു മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ നൽകിയത് 500 രൂപ. മലയാളികളായ ഉദ്യോഗസ്ഥരെക്കാൾ ഉയർന്ന തുക മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെ ജോലി ചെയ്യുന്നവർ നൽകി. കെ.എം.എബ്രഹാം, പോൾ ആന്റണി, ടോം ജോസ്, പി.എച്ച്.കുര്യൻ, കെ.ആർ.ജ്യോതിലാൽ, ബി.ശ്രീനിവാസ്, ബിശ്വനാഥ് സിൻഹ, കമലവർധന റാവു എന്നിവർ15,000 രൂപയ്ക്കുമേൽ സംഭാവന നൽകി.

ഐപിഎസുകാർ നൽകിയ സംഭാവനയെക്കുറിച്ചു വിവരാവകാശനിയമപ്രകാരം ആരാഞ്ഞപ്പോൾ ശമ്പളത്തിൽ കുറവുചെയ്തു ലഭിച്ചതു 12,401 രൂപയെന്നാണു മറുപടി ലഭിച്ചത്. ഉദ്യോഗസ്ഥർ വ്യക്തിപരമായി നൽകുന്ന സംഭാവനകളെക്കുറിച്ചുള്ള വിവരം വിവരാവകാശനിയമപ്രകാരം നൽകാനാവില്ലെന്നാണു പൊലീസ് ആസ്ഥാനത്തുനിന്നു ലഭിച്ച മറുപടി. ഫോറസ്റ്റ് സർവീസുകാരിൽ ഒൻപതുപേർ മാത്രമേ സംഭാവന ചെയ്തിട്ടുള്ളൂ– മൊത്തം 56,233 രൂപ. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി.കെ.കേശവൻ 16,316 രൂപയും അഡീഷനൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രകൃതി ശ്രീവാസ്തവ 15,542 രൂപയും സംഭാവന ചെയ്തു.

ഓഖി: ആകെ ലഭിച്ചത് 113 കോടി; ചെലവിട്ടതു 39 കോടി

ഓഖി ദുരിതാശ്വാസനിധിയിലേക്കു ശമ്പളം പിടിക്കാനുള്ള സർക്കാർ നയത്തിനെതിരെ സാധാരണ ജീവനക്കാർ എതിർപ്പ് ഉയർത്തിയെങ്കിലും അവർ 39.27 കോടി രൂപ സംഭാവന ചെയ്തു. ഓഖി ഫണ്ടിലേക്ക് ഇതുവരെ113 കോടി രൂപ ലഭിച്ചു. ഇതിനകം ചെലവഴിച്ചത് 39 കോടി രൂപ.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.