Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

35 കോടി സഹായവുമായി ആന്ധ്രാ സർക്കാർ

തിരുവനന്തപുരം∙ കേരളത്തിനു സഹായമായി 35 കോടി രൂപ നൽകി ആന്ധ്രാ സർക്കാർ. ആന്ധ്ര ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ചിന്നരാജപ്പയാണ് ഇന്നലെ തലസ്ഥാനത്തു നേരിട്ടെത്തി ചെക്ക് മന്ത്രി ഇ.പി.ജയരാജനു കൈമാറിയത്. ഇൗ തുകയും ഭക്ഷ്യധാന്യവും മരുന്നുമുൾപ്പെടെ ആകെ 51 കോടി രൂപയുടെ സഹായമാണ് ആന്ധ്ര സർക്കാരിൽ നിന്നു സംസ്ഥാനത്തിനു ലഭിച്ചത്.

2014 ടൺ അരിയും അവശ്യ സാധനങ്ങളടങ്ങിയ കിറ്റും കേരളത്തിനു നൽകിയതായി മന്ത്രി ചിന്നരാജപ്പ പറഞ്ഞു. ആന്ധ്രയിലെ നോൺ ഗസറ്റഡ് ഉദ്യോഗസ്ഥർ ഒരു ദിവസത്തെ ശമ്പളം മാറ്റിവച്ച് 20 കോടി രൂപ നൽകി. ആന്ധ്ര റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ മൂന്നു കോടി രൂപ അനുവദിച്ചു. മറ്റെങ്ങും കാണാത്തത്ര വ്യാപ്തിയുള്ള വിപത്താണു കേരളത്തിൽ സംഭവിച്ചത്. കേരളത്തെ സഹായിക്കാൻ ജനങ്ങൾ മുന്നോട്ടു വരണമെന്ന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ആവശ്യത്തെ തുടർന്ന് ആന്ധ്രയിലെ ജനങ്ങൾ കൈയയച്ചു സഹായിക്കുകയായിരുന്നു.

13 ജില്ലകളിൽ ദുരിതാശ്വാസ സ്വീകരണ കേന്ദ്രങ്ങൾ തുടങ്ങി. മൂന്നു ദിവസം കൊണ്ട് 115 ട്രക്കുകളിലാണു സാധനങ്ങൾ കേരളത്തിലേക്ക് അയച്ചത്. റെയിൽ മാർഗവും എത്തിച്ചു. ആറു കോടി രൂപ നൽകി അരി മില്ലുകളിൽ നിന്ന് ജയ അരിയും മട്ട അരിയും സർക്കാർ വാങ്ങി കേരളത്തിലേക്ക് അയച്ചു. ഇനിയും സഹായം നൽകാൻ തയാറാണ്. ആന്ധ്രയിലെ വൈദ്യുതി വകുപ്പ്, ഫയർ ഫോഴ്‌സ്, ദുരന്ത നിവാരണ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ സേവനവും കേരളത്തിൽ ലഭ്യമാക്കി.

വിദേശത്തു നിന്നുൾപ്പെടെ സഹായം സ്വീകരിക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കണം. ഇപ്പോൾ നൽകിയ ധനസഹായത്തിലെ ഒരു വിഹിതം ശബരിമലയിലെ പുനർനിർമാണ പ്രവൃത്തികൾക്കായി വിനിയോഗിക്കണമെന്നു സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ടെന്നും ചിന്നരാജപ്പ പറഞ്ഞു. ആന്ധ്ര മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഭാഗമായ റിയൽടൈം ഗവേണൻസ് വിഭാഗം ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും മലയാളിയുമായ എ.ബാബുവും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.