Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജലന്തർ ബിഷപ്പിനെതിരെ കാര്യക്ഷമമായ അന്വേഷണം: കോടിയേരി

Kodiyeri_Balakrishnan

തിരുവനന്തപുരം∙ ജലന്തർ ബിഷപ്പിനെതിരെ കന്യാസ്‌ത്രീ നൽകിയ പരാതിയിൽ സ്വതന്ത്രവും കാര്യക്ഷമവുമായ അന്വേഷണമാണു നടക്കുന്നതെന്നും സിപിഎം ഇക്കാര്യത്തിൽ ഇടപെട്ടില്ലെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നാലു വർഷം മുൻപുള്ള കാര്യങ്ങളെക്കുറിച്ചുള്ള പരാതിയിൽ കുറ്റം കണ്ടെത്തി തെളിയിക്കുന്നതിന് ഊന്നൽ നൽകുമ്പോൾ വിശദമായ അന്വേഷണം വേണ്ടിവരുന്നതു സ്വാഭാവികമാണെന്നു കോടിയേരി പറഞ്ഞു.

എൽഡിഎഫ് സർക്കാർ വന്നശേഷം ഉയർന്നുവന്ന എല്ലാ സ്‌ത്രീപീഡന പരാതികളിലും പൊലീസ്‌ കർക്കശമായ നടപടി എടുത്തിട്ടുണ്ട്. ചില കേസുകളിൽ ആദ്യഘട്ടത്തിൽ പൊലീസ്‌ നടപടികളെ സംശയത്തോടെ വീക്ഷിച്ചവർ തന്നെ പിന്നീട്‌ തിരുത്തി. ഈ കേസുമായി ബന്ധപ്പെട്ട്‌ ഇതുവരെ അഞ്ചു സംസ്ഥാനങ്ങളിലും കേരളത്തിലെ ഏഴു ജില്ലകളിലും സഞ്ചരിച്ചു നിരവധി സാക്ഷികളുടെ മൊഴിയെടുക്കുകയും രേഖകൾ ശേഖരിക്കുകയും ചെയ്‌തതായാണു മനസ്സിലാക്കുന്നത്‌.

വിശദമായ ചോദ്യം ചെയ്യലിനു ഹാജരാകുന്നതിനായി ബിഷപ്പിനു നോട്ടിസ്‌ നൽകിയിട്ടുണ്ട്. കേസ്‌ അന്വേഷണത്തിൽ സർക്കാർ ഇടപെടുന്ന സ്ഥിതി ഈ ഗവൺമെന്റ്‌ വന്നശേഷം ഉണ്ടായിട്ടില്ല. സിപിഎം ഒരു കേസിന്റെയും അന്വേഷണത്തിൽ ഇടപെട്ട്‌ നിർദേശം നൽകാറില്ല. ഏതെങ്കിലും ഒരാളെ കേസിൽ ഉൾപ്പെടുത്താനോ അറസ്റ്റ്‌ ചെയ്യിപ്പിക്കാനോ കേസിൽനിന്ന്‌ ഒഴിവാക്കാനോ പാർട്ടി ഇടപെടാറില്ല. തെറ്റ്‌ ചെയ്യുന്നവർ സമൂഹത്തിൽ ഏത്‌ ഉന്നത സ്ഥാനത്തിരിക്കുന്നവരായാലും തെളിവുകളുടെ അടിസ്ഥാനത്തിൽ നിയമാനുസൃതമായ നടപടി സ്വീകരിക്കണമെന്നാണു പാർട്ടിയുടെ നിലപാടെന്നു കോടിയേരി വിശദീകരിച്ചു.

related stories