Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്ആർടിസി യൂണിയനുകളുമായി ഇന്നു വീണ്ടും ചർച്ച

തിരുവനന്തപുരം∙ കെഎസ്ആർടിസിയിൽ സമരത്തിനു നോട്ടിസ് നൽകിയ ഇടതു, വലതു യൂണിയൻ ഭാരവാഹികളുമായി എംഡി: ടോമിൻ തച്ചങ്കരി ഇന്നു വീണ്ടും ചർച്ച നടത്തും. ഇന്നലെ മന്ത്രി എ.കെ.ശശീന്ദ്രനുമായി നടത്തിയ ചർച്ചയിൽ തീരുമാനങ്ങളുണ്ടായില്ല. എംഡിയുമായി ചർച്ച നടത്താൻ മന്ത്രി നിർദേശിക്കുകയായിരുന്നു.

ഡ്യൂട്ടി പരിഷ്‌കരണം ഉൾപ്പെടെ വിവിധ പ്രശ്‌നങ്ങളിൽ സമവായം കണ്ടെത്തുന്നതിനു യൂണിയൻ നേതൃത്വവും മാനേജ്‌മെന്റുമായി  സംസാരിക്കണമെന്നാണു മന്ത്രി നിർദേശിച്ചത്. പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ വീണ്ടും ഇടപെടുമെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.  അതിനിടെ, കെഎസ്ആർടിസിയിൽ ലാഭകരമല്ലാത്ത ഷെഡ്യൂളുകൾ വെട്ടിക്കുറച്ചതോടെ യാത്രാക്ലേശം രൂക്ഷമായതായി വ്യാപകപരാതി. സിംഗിൾ ഡ്യൂട്ടി സംവിധാനം ഏർപ്പെടുത്തിയതുമൂലമാണ് പ്രശ്നം രൂക്ഷമായതെന്നാണു യൂണിയനുകളുടെ ആരോപണം.

എന്നാൽ, ബസുകൾ കൃത്യമായി അയയ്ക്കാതെ ഡ്യൂട്ടി പരിഷ്കരണം അട്ടിമറിക്കാനാണു ശ്രമമെന്നാണു മാനേജ്മെന്റിന്റെ നിലപാട്. തിരുവനന്തപുരത്ത് ഉൾപ്പെടെ യാത്രക്കാർ ബസുകൾക്കായി ഏറെ നേരം കാത്തുനിൽക്കേണ്ടിവരുന്നുവെന്നും അമിത തിരക്കാണ് പല ബസുകളിലും അനുഭവപ്പെടുന്നതെന്നുമാണു പരാതി.

സിംഗിൾ ഡ്യുട്ടി നടപ്പാക്കുന്നതിന്റെ ഭാഗമായി യാത്രക്കാർ അധികമുള്ള സമയത്തു കൂടുതൽ ബസുകൾ ഓടിക്കാനും യാത്രക്കാർ കുറയുന്ന ഉച്ചസമയങ്ങളിൽ ബസുകൾ കൂട്ടമായി ഓടുന്നത് ഒഴിവാക്കാനും നിർദ്ദേശം നൽകിയിരുന്നു. ഇതാണു പരാതികൾക്കിടയാക്കുന്നതെന്നാണു യൂണിയനുകൾ ആരോപിക്കുന്നത്. എന്നാൽ, പല പ്രധാന റൂട്ടുകളിലും തിരക്കുള്ള സമയത്തു ബസുകൾ പിൻവലിച്ചതായി കണ്ടെത്തി. ഇതു പരിഹരിക്കാൻ കർശന നിർദേശം നൽകിയതായി അധികൃതർ അറിയിച്ചു.

related stories