Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുനർനിർമാണം: ഏകോപനത്തിന് വെബ്പോർട്ടൽ

rebuild-kerala

തിരുവനന്തപുരം∙ പ്രളയത്തിൽ തകർന്ന വീടുകളും സ്കൂളുകളും ആശുപത്രികളും സൗജന്യമായി പുനർനിർമിക്കാനും സഹായം നൽകാനും വിവിധ ഏജൻസികളും സ്ഥാപനങ്ങളും വ്യക്തികളും തയാറായ സാഹചര്യത്തിൽ ഇവ ഏകോപിപ്പിച്ചു നടപ്പാക്കാൻ മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചു. ഇതിനായി ആസൂത്രണ വകുപ്പ് വെബ്് പോർട്ടൽ തയാറാക്കും. സഹായം നൽകാൻ തൽപര്യമുള്ളവർക്ക് ഈ പോർട്ടൽ വഴി സർക്കാരിനെ ബന്ധപ്പെടാമെന്നു മന്ത്രി ഇ.പി.ജയരാജൻ അറിയിച്ചു.

ആർക്കൊക്കെ അടിയന്തര സഹായം ആവശ്യമുണ്ടെന്ന വിവരവും പോർട്ടൽ വഴി അറിയാം. വെള്ളം കയറി വീട്ടുസാധനങ്ങൾ നശിച്ചവർക്കു കുടുംബശ്രീ വഴി നൽകുന്ന ഒരു ലക്ഷം രൂപ പലിശരഹിത വായ്പയുടെ വിതരണം 25നു തുടങ്ങാമെന്നു പ്രതീക്ഷിക്കുന്നു. നഷ്ടപ്പെട്ട രേഖകളുടെ വിതരണം തുടങ്ങി. ലോക ബാങ്ക്, എഡിബി., ഐഎഫ്സി എന്നിവയുടെ പ്രതിനിധികൾ ജില്ലകൾ സന്ദർശിച്ചു നഷ്ടം വിലയിരുത്തുകയാണ്. മൂന്നോ നാലോ ദിവസത്തിനകം പൂർത്തിയാകും. 21ന് ഇവരുടെ റിപ്പോർട്ട് ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു.

10,000 രൂപ 5.01 ലക്ഷം കുടുംബങ്ങൾക്കു നൽകി. ഇനി 96,500 കുടുംബങ്ങൾക്കാണു നൽകാനുള്ളത്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൃത്യമായി ലഭിക്കാത്തതും ചില ആവർത്തനമുള്ളതുമാണു വിതരണം പൂർത്തിയാക്കാനുള്ള തടസ്സം. ഇന്നും നാളെയുമായി ഇതു പൂർത്തിയാകും. പ്രളയത്തിൽ തകർന്ന പമ്പ പുനർനിർമിച്ചു ശബരിമല തീർഥാടകർക്കു സൗകര്യം ഒരുക്കുന്നതിനുള്ള പ്രവൃത്തി അതിവേഗം നടക്കുന്നു. ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കു പകരം മറ്റു കെട്ടിടങ്ങൾ അടിയന്തരമായി കണ്ടെത്തും.

122 ദുരിതാശ്വാസ ക്യാംപുകളിലായി 1498 കുടുംബങ്ങളിലെ 4857 പേരാണ് ഇപ്പോഴുള്ളത്. വെള്ളം കയറിയ 6.89 ലക്ഷം വീടുകൾ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വൃത്തിയാക്കി. ഇനി 3501 വീടുകൾ ബാക്കിയുണ്ട്. 3.19 ലക്ഷം കിണറുകൾ വൃത്തിയാക്കി. വെള്ളം ഇറങ്ങാത്ത പ്രദേശങ്ങളിൽ കുറച്ചു കിണറുകൾ കൂടി വൃത്തിയാക്കാൻ ബാക്കിയുണ്ട്.

4213 ടൺ ജൈവമാലിന്യമാണു ശേഖരിച്ചത്. ഇതിൽ 4036 ടണ്ണും സംസ്കരിച്ചു. 4305 ടൺ അജൈവ മാലിന്യം ശേഖരിച്ചതു ഘട്ടം ഘട്ടമായി സംസ്കരിക്കും. ദുരിതാശ്വാസ നിധിയിലേക്കു വിദ്യാലയങ്ങൾ വഴിയുള്ള ധനസമാഹരണം നല്ല രീതിയിൽ നടന്നു. രണ്ടായിരം വിദ്യാലയങ്ങളുടെ കണക്കു ലഭിച്ചപ്പോൾ സമാഹരിക്കാൻ കഴിഞ്ഞ തുക 2.05 കോടി രൂപയാണ്. മൊത്തം 16,000 വിദ്യാലയങ്ങളാണുള്ളത്.

related stories