ഒരു മാസത്തെ ശമ്പളം നൽകില്ലെന്നു യുഡിഎഫ് സംഘടനകൾ

തിരുവനന്തപുരം∙ സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചു യുഡിഎഫ് അനുകൂല സർവീസ് സംഘടനകളുടെ പൊതുവേദിയായ യുണൈറ്റഡ് ടീച്ചേഴ്സ് ആൻഡ് എംപ്ലോയീസ് ഫെഡറേഷൻ (യുടിഇഎഫ്) ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നൽകേണ്ടതില്ലെന്നു തീരുമാനിച്ചു.

ജീവനക്കാരും അധ്യാപകരും സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിൽ കഴിവിനൊത്ത തുക സംഭാവന ചെയ്യുവാൻ തയാറാണെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും കേട്ടുകേൾവി പോലുമില്ലാത്ത വിസമ്മതപത്രം അടിച്ചേൽപിക്കുന്ന സർക്കാർ ഉത്തരവിൽ യുടിഇഎഫ് സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. ഈ സാഹചര്യത്തിൽ സാലറി ചാലഞ്ചിൽ പങ്കാളികളാവില്ല. ഒരു മാസത്തെ മൊത്ത ശമ്പളം എന്നത് ഏതാണ്ട് രണ്ടു മാസം ജീവനക്കാർ കൈപ്പറ്റുന്ന ശമ്പളത്തിനടുത്തുവരും.

ഇക്കാര്യം വ്യക്തമാക്കി ജീവനക്കാർക്കിടയിൽ പ്രചാരണം നടത്തുന്നതിനു 15നു ജില്ലാ കൺവൻഷനുകളും 17, 18 തീയതികളിൽ ഓഫിസ്, സ്കൂൾതല പ്രചാരണങ്ങളും നടത്താൻ ചെയർമാൻ എൻ.കെ.ബെന്നിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം തീരുമാനിച്ചു. അതേസമയം, പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസ ശമ്പളം സംഭാവന അഭ്യർഥിച്ചു സർക്കാർ ഇറക്കിയ ഉത്തരവിനെതിരെ ചിലർ നടത്തുന്ന തെറ്റിദ്ധാരണാജനകമായ പ്രചാരണത്തെ അവഗണിക്കണമെന്നും ഒരുമാസ ശമ്പളം നൽകാൻ തയാറാകണമെന്നും ഇടതുസംഘടനകളുടെ പൊതുവേദികളായ ആക്‌ഷൻ കൗൺസിലും അധ്യാപക സർവീസ് സംഘടനാ സമരസമിതിയും ജീവനക്കാരോട് അഭ്യർഥിച്ചു.