പ്രളയം: തിരിച്ചുവരവിനു പ്രത്യേകം പദ്ധതി വേണമെന്ന് അമിക്കസ് ക്യൂരി

(ഫയൽ ചിത്രം – അരവിന്ദ് വേണുഗോപാൽ)

കൊച്ചി ∙ പ്രളയദുരിതം നേരിട്ട കുടുംബങ്ങളെയും ബിസിനസ്, വാണിജ്യ സ്ഥാപനങ്ങളെയും സാധാരണ നിലയിലേക്കു തിരിച്ചെത്തിക്കാൻ പ്രത്യേക പദ്ധതി തയാറാക്കണമെന്നു ഹൈക്കോടതിയെ കേസിൽ സഹായിക്കുന്ന ‘അമിക്കസ് ക്യൂരി’ റിപ്പോർട്ട് നൽകി. ആഘോഷങ്ങളും പൊതുചടങ്ങുകളും ടൂറിസം പ്രമോഷൻ പ്രവർത്തനങ്ങളും റദ്ദാക്കുന്നതു വിപരീത ഫലമുണ്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.  

പുനരധിവാസ നടപടികളിൽ പ്രാദേശിക സമൂഹത്തിന്റെയും ദുരിത ബാധിതരുടെയും പങ്കാളിത്തം ഉറപ്പാക്കണം. നഷ്ടങ്ങൾ തിട്ടപ്പെടുത്തുന്നതിൽ സുതാര്യത ഉറപ്പാക്കാനും ദുരിതബാധിതർക്കു സഹായം നേരിട്ടെത്തിക്കാനും ഭാവിയിൽ തർക്കങ്ങൾ ഒഴിവാക്കാനും ഇതു സഹായകമാണെന്നും അമിക്കസ് ക്യൂരി അഡ്വ. ജേക്കബ് പി. അലക്സ് റിപ്പോർട്ടിൽ പറയുന്നു. 

റിപ്പോർട്ടിലെ ശുപാർശകൾ:

∙ 452 വില്ലേജുകൾ പ്രളയ ബാധിതമെന്നു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഓരോ വില്ലേജിലെയും ദുരന്തബാധിത മേഖലകൾ പഞ്ചായത്ത്/മുനിസിപ്പാലിറ്റി വാർഡ് തലത്തിൽ കണ്ടെത്തണം. 

∙ ദുരിത ബാധിതർക്കു കുറച്ചു കാലത്തേക്കു വൈദ്യുതി, വെള്ളം, ഗ്യാസ് തുടങ്ങി പൊതുസേവനങ്ങൾ സർക്കാർ സൗജന്യമാക്കണം. പിന്നീടു തുക ധനസഹായത്തിൽ തട്ടിക്കിഴിക്കാം. ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്കു നികുതിയിളവ് പ്രഖ്യാപിക്കാം. . 

∙ ദുരന്ത കൈകാര്യ പ്രവർത്തനങ്ങളുടെ ഭാഗമായി ആവശ്യങ്ങളും നഷ്ടവും തിട്ടപ്പെടുത്തുന്നതിലും സഹായം വിതരണം ചെയ്യുന്നതിലും പ്രാദേശിക സമൂഹത്തിന്റെയും ദുരിതബാധിതരുടെയും പങ്ക് ഉറപ്പാക്കണം.

∙ പ്രദേശത്തിന്റെ പൊതു ആവശ്യങ്ങളും വീട്ടുകാരുടെ ആവശ്യങ്ങളും കണ്ടെത്തണം.

ഡാം: സത്യവാങ്മൂലം നൽകണം

കൊച്ചി ∙ പ്രളയ പശ്ചാത്തലത്തിൽ ഡാം കൈകാര്യം ചർച്ചചെയ്യുന്ന ഹർജികളിൽ സംസ്ഥാന സർക്കാരും കേന്ദ്ര ജലക്കമ്മിഷനും വിവിധ സർക്കാർ ഏജൻസികളും സത്യവാങ്മൂലം നൽകണമെന്നു ഹൈക്കോടതി. വിശദീകരണം ലഭിച്ചശേഷം കേസ് ഒക്ടോബർ 10നു പരിഗണിക്കും. എം.ഐ. ഷാനവാസ് നൽകിയ പുതിയ ഹർജി ഉൾപ്പെടെ പത്തെണ്ണമാണു പരിഗണിച്ചത്.