പീഡനപരാതി കെട്ടിച്ചമച്ചത്: ജലന്തർ ബിഷപ്

ജലന്തർ ∙ പീഡനപരാതിയിൽ അറസ്റ്റ് വൈകുന്നതു വിവാദമാകുന്നതിനിടെ, പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ രൂക്ഷവിമർശനവുമായി ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ. സഭാവിരുദ്ധരാണു പരാതിക്കു പിന്നിലെന്നു പറഞ്ഞ ഫ്രാങ്കോ മുളയ്ക്കൽ, ബ്ലാക്ക്മെയിലിങ്ങാണ് പരാതിക്കാരുടെ ലക്ഷ്യമെന്നും ആരോപിച്ചു. പൊലീസിന്റെ അന്വേഷണത്തോടു പൂർണമായി സഹകരിക്കുമെന്നും ഫ്രാങ്കോ മുളയ്ക്കൽ വ്യക്തമാക്കി. 

പീഡനപരാതി കെട്ടിച്ചമച്ചതാണെന്ന് ബിഷപ് ആവർത്തിച്ചു. പ്രത്യേക നേട്ടങ്ങൾക്കു ബാഹ്യശക്തികൾ ഈ കന്യാസ്ത്രീകളെ ഉപയോഗപ്പെടുത്തുകയാണ്. ഇക്കാര്യത്തിൽ ഗൂഢാലോചനയുണ്ട്. സമരം ചെയ്യാൻ കന്യാസ്ത്രീകൾക്ക് അവകാശമുണ്ട്, ഇക്കാര്യത്തിൽ കൂടുതൽ അഭിപ്രായപ്രകടനത്തിനില്ല. നിലവിൽ പഞ്ചാബിലാണുള്ളത്. കേരളത്തിൽ എന്തൊക്കെയാണ് നടക്കുന്നതെന്നതിനെക്കുറിച്ചു കൂടുതലറിയില്ല. കേരള പൊലീസ് ഒൻപതു മണിക്കൂർ ചോദ്യം ചെയ്തിരുന്നു. അപ്പോൾ തന്നെ വിശദമായ മൊഴി നൽകി. കന്യാസ്ത്രീയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിലെ വൈരുധ്യങ്ങൾ പരിശോധിക്കാൻ പൊലീസിനു സമയം നൽകണമെന്നും ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു. 

ദൗത്യം നിർവഹിക്കുന്നു: പഞ്ചാബ് പൊലീസ് 

ജലന്തർ ∙ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതിയിൽ പഞ്ചാബ് പൊലീസിനു കൂടുതലായി ഒന്നും ചെയ്യാനില്ലെന്നു ജലന്തർ പൊലീസ്. അന്വേഷണത്തിൽ കേരള പൊലീസിനെ സഹായിക്കുകയെന്ന ദൗത്യമാണ് ചെയ്യാനുള്ളതെന്നും അതു കൃത്യമായി നിർവഹിക്കുന്നുണ്ടെന്നും പൊലീസ് കമ്മിഷണർ പ്രവീൺ കുമാർ സിൻഹ വ്യക്തമാക്കി.  

ബിഷപ്പിനെതിരെ പഴുതടച്ചുള്ള അന്വേഷണം: മേഴ്സിക്കുട്ടിയമ്മ

കൊല്ലം ∙ ബിഷപ്പിനെതിരായ പരാതിയിൽ സർക്കാർ ആരെയും സംരക്ഷിക്കില്ലെന്നു മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. ബിഷപ്പിനെതിരെ പഴുതടച്ചുള്ള അന്വേഷണമാണു നടക്കുന്നത്. സർക്കാരിന് ആരെയും ഭയമില്ല. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നല്ലരീതിയിൽ മുന്നോട്ടു പോകുന്നുവെന്നു പറഞ്ഞപ്പോൾ തന്നെയാണു കന്യാസ്ത്രീയുടെ ബന്ധുക്കൾ ഡിജിപിയെ കുത്തി സംസാരിച്ചത്. അതുകൊണ്ടുതന്നെ അന്വേഷണം അട്ടിമറിക്കുന്നുവെന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു