പ്രളയം: പാഠപുസ്തങ്ങൾ നഷ്ടപ്പെട്ടവർക്കു പുതിയത്

തിരുവനന്തപുരം∙ പ്രളയബാധിത മേഖലയിൽ ഒന്നാം വാല്യം പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട വിദ്യാർഥികൾക്കു പുതിയതു വിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്തു. കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തൃശൂർ ജില്ലകളിലായി 5.5 ലക്ഷം പുസ്തകങ്ങളാണു വിതരണം ചെയ്തത്.

അംഗീകൃത അൺ–എയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികൾക്കും വിതരണം ചെയ്തിട്ടുണ്ട്. ഈ അധ്യയന വർഷം രണ്ടാം വാല്യത്തിൽ 187 ടൈറ്റിലുകളിലായി 1.92 കോടി പാഠപുസ്തകങ്ങളാണ് അച്ചടിച്ചു വിതരണം ചെയ്യുന്നത്. 3325 സ്കൂ​ൾ സൊസൈറ്റികൾ വഴി 12039 ഗവൺമെന്റ്, എയ്ഡഡ്, 913 അംഗീകൃത സ്കൂളുകൾക്കും നൽകുന്നുണ്ട്.

സംസ്​ഥാനത്ത് ഇതിന്റെ വിതരണം 98 ശതമാനം പൂർത്തിയാക്കി. പൊതു വിദ്യാലയങ്ങളിൽ അധികമായി ചേർന്ന വിദ്യാർഥികൾക്ക് അധിക ഇൻഡന്റ് പ്രകാരമുള്ള പാഠപുസ്തകങ്ങൾ സൊസൈറ്റികളിൽ എത്തിച്ചിട്ടുണ്ട്. ഈ മാസം 24നകം വിതരണം പൂർത്തിയാക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നതെന്നു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.